ന്യൂഡൽഹി: ഇന്ന് രാത്രി 8:30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെയാണിത്. ബില്ലിനെ പിന്തുണയ്ക്കാത്തതിലൂടെ പ്രതിപക്ഷം വലിയ തെറ്റ് ചെയ്തുവെന്നും അതിന്റെ പ്രത്യാഘാതങ്ങൾ അവർ നേരിടേണ്ടിവരുമെന്നും പ്രധാനമന്ത്രി വിമർശിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ പന്ത്രണ്ടു വർഷത്തെ ഭരണത്തിനിടെ മോദി സർക്കാരിന് ആദ്യമായി പ്രധാന ബിൽ പരാജയപ്പെട്ട സംഭവമാണിത്.
പ്രതിപക്ഷം സ്ത്രീകളോട് ഉത്തരം പറയേണ്ടിവരുമെന്നും അവരുടെ നിലപാട് രാജ്യത്തെ സ്ത്രീകളെ നിരാശപ്പെടുത്തിയതാണെന്നും പ്രധാനമന്ത്രി കാബിനറ്റ് യോഗത്തിൽ പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. “ഈ സന്ദേശം ഓരോ വ്യക്തിയിലേക്കും ഓരോ ഗ്രാമത്തിലേക്കും എത്തണം” എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
കഴിഞ്ഞ ദിവസമാണ് വനിതാ സംവരണ ബിൽ ലോക്‌സഭയിൽ വോട്ടിനിട്ടത്. പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർപ്പ് രേഖപ്പെടുത്തിയതോടെ ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം സർക്കാരിന് നേടാനായില്ല. വനിതാ സംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയം രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കാനുള്ള നീക്കമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ബില്ലിനെ എതിർത്തത്.






