കോട്ടയം: ഇടയാഴം സെയ്ന്റ് ജോസഫ് ദേവാലയത്തിൽ യുവജനങ്ങൾ ചേർന്ന് ആയിരത്തിയറുന്നൂറ് ചതുരശ്ര അടിയിൽ പുൽക്കൂട് നിർമിച്ചു. പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായാണ് നാൽപ്പത്തിയഞ്ചു ദിവസംകൊണ്ട് ആണ് പുൽക്കൂട് തയ്യാറാക്കിയത്. തയ്യാറാക്കിയ പുൽക്കൂടിന്റെ മുകൾഭാഗത്ത് പ്രകാശപൂരിതമായ ആകാശം, പഴയകാലകൊട്ടാരം, ഗുഹ, ക്രിസ്തുജനിച്ച സ്ഥലം, വെള്ളച്ചാട്ടം, ഏറുമാടം, മലകൾ, കൃഷിസ്ഥലങ്ങൾ, ഒന്നിലധികം ഗ്രാമങ്ങൾ തുടങ്ങിയവ എല്ലാം ഒരുക്കിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് പുൽക്കൂടിന്റെ ഉദ്ഘാടനം കേരള സംഗീതനാടക അക്കാദമി അവാർഡ് ജേതാവും തബലവാദകയുമായ രത്‌നശ്രീ അയ്യർ നിർവഹിച്ചു. വികാരി ഫാ. അബ്രഹാം മുകാലയിൽ ക്രിസ്മസ് സന്ദേശം നൽകി. പിന്നണി ഗായിക ഷൈമോൾ അലക്‌സ് വിശിഷ്ടാതിഥിയായിരുന്നു.
ആഘോഷത്തിന്റെ ഭാഗമായുള്ള കെയ്‌ക്ക് കൗണ്ടറും ഫുഡ് കൗണ്ടറും പ്രത്യേകതയാണ്. വൈസ് ചെയർമാൻ വിപിൻ വലിയകുളം, കൈക്കാരന്മാരായ ജോസ് കുറിച്ചിക്കുന്നേൽ, ബാബു മെമ്പടിക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.






