കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് (ഐ) -ൽ വൻ പ്രതിസന്ധി. ബ്ലോക്ക് കോൺഗ്രസ് (ഐ) സെക്രട്ടറി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസ് (എം) (മാണി ഗ്രൂപ്പ്) -ൽ ചേർന്നു.
സിബി തടത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് (ഐ) സെക്രട്ടറി. സണ്ണി നായത്തു പറമ്പിൽ കോൺഗ്രസ് വാർഡ് സെക്രട്ടറി.
സൂസ്സൻ തോമസ് മഹിളാ കോൺഗ്രസ് ഭാരവാഹിയും ഏറ്റുമാനൂർ നഗരസഭാ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായിരുന്നു. കോൺഗ്രസ് അംഗങ്ങളായ തങ്കച്ചൻ കാക്കനാട്ടുകാലായിൽ, ബിജു കാക്കനാട്ടുകാലായിൽ, ടോമി ഇടയാടി പുത്തൻപുര എന്നിവരും കേരള കോൺഗ്രസ് (എം) അംഗത്വം സ്വീകരിച്ചു.പുതുതായി പാർട്ടിയിൽ ചേർന്നവർക്ക് ജോസ്.കെ.മാണി എം.പി. നേരിട്ട് അംഗത്വം നൽകി.
മാത്രമല്ല, പാർട്ടിയിലെത്തിയ സൂസ്സൻ തോമസിനെ ഏറ്റുമാനൂർ നഗരസഭയിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.
ജോസഫ് ഗ്രൂപ്പിൽ നിന്നും ജോസ് കണിയാമാട്ടേൽ, മുൻ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലീസ് കണ്ടിയാമാട്ടേൽ എന്നിവരും കേരള കോൺഗ്രസ് (എം) -ൽ ചേർന്നിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും പാർട്ടിയിലേക്ക് എത്തുമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ നേതൃത്വം അറിയിച്ചു. ഇത് മണ്ഡലത്തിൽ രാഷ്ട്രീയ കാലാവസ്ഥ ചൂടുപിടിക്കാൻ കാരണമായേക്കും.






