കോട്ടയം: മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് ആന്റ് പ്രോസസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വെള്ളഞ്ചൂരുള്ള ക്രംബ് ഫാക്ടറിക്കെതിരെ നാട്ടുകാരുടെ പരാതി ശക്തമാകുന്നു.
രൂക്ഷമായ പരിസര മലിനീകരണമാണ് പരാതിപ്പെടാൻ കാരണം. ഫാക്ടറിയിൽ നിന്ന് പുറത്തുവരുന്ന വിഷമയമായ പുകയും മലിനജലവും സമീപവാസികളുടെ ജീവിതം ദുസ്സഹമാക്കി.
സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞ 10 വർഷമായി അടഞ്ഞു കിടന്ന ഫാക്ടറി മൂന്നു മാസം മുമ്പാണ് ഉത്തരേന്ത്യക്കാരൻ മുഖേന തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. ലീസിന് ഏറ്റെടുത്തു നടത്തുന്ന കമ്പനിയിൽ നിന്നും ഉദ്ദേശം 10 മീറ്റർ മുതൽ 150 മീറ്റർ ചുറ്റളവിൽ കോളനികളിൽ ഉൾപ്പെടെ പാലാ മുൻസിപ്പാലിറ്റിയിലെയും കരൂർ പഞ്ചായത്തിലെയും ധാരാളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കമ്പനിയിൽ നിന്ന് പുറത്തു വരുന്ന വിഷമയമായ വായുവും ജലമലനീകരണവും മൂലം ജീവിതം ബുദ്ധിമുട്ടിലാണെന്ന് പരാതിയിൽ പറയുന്നു
രൂക്ഷഗന്ധത്തോടുകൂടിയ പുക കാരണം പുറത്തിറങ്ങാൻ കഴിയുന്നില്ല.
മലിനജലം സമീപത്തെ കിണറുകളിലേക്കും കുടിവെള്ള പദ്ധതിയുടെ സ്രോതസ്സിലേക്കും ഒഴുകിയെത്തുന്നത് ശുദ്ധജല വിതരണത്തെ ഭീഷണിപ്പെടുത്തുന്നു.
നാട്ടുകാർ ഇതിനെതിരെ ആർ.ഡി.ഒ. ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കുകയാണ്. മലിനീകരണം നിയന്ത്രിക്കാൻ ഫാക്ടറിയുടെ പ്രവർത്തനം അടിയന്തരമായി നിർത്തിവെക്കണമെന്നാണ് ജനകീയ ആവശ്യം.




