കോട്ടയം: വിരിപ്പ് കൃഷിയുടെ കൊയ്ത്ത് ആസന്നമായിരിക്കെ, നെല്ല് സംഭരിക്കാൻ സപ്ലൈകോ മില്ലുകളെ നിയോഗിക്കാത്തതിനെ തുടർന്ന് കുമരകത്തെ കർഷകർ ദുരിതത്തിൽ. പാടത്ത് കൊയ്തെടുത്ത നെല്ല് മഴ നനയാതെ സൂക്ഷിക്കാൻ കർഷകർ സ്വന്തം നിലയിൽ കളങ്ങൾ (താത്കാലിക സംഭരണശാലകൾ) ഒരുക്കിത്തുടങ്ങി.
നെല്ല് സംഭരിക്കാൻ മില്ലുകൾ തയ്യാറാകാത്ത സാഹചര്യത്തിൽ, കൊയ്തെടുക്കുന്ന നെല്ല് ഉണക്കി പതിര് കളഞ്ഞ് സൂക്ഷിക്കണം എന്ന കൃഷി വകുപ്പിന്റെ നിർദ്ദേശമാണ് കർഷകരെ ഈ കഷ്ടപ്പാടിലേക്ക് തള്ളിവിട്ടത്.
മഴയെ പേടിച്ച്, കായൽ ബണ്ടിൽ കളം
കുമരകം ചേലക്കാപ്പള്ളി പാടശേഖരത്തെ കർഷകരാണ് നെല്ല് സംരക്ഷിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുന്നത്. മില്ലുകാർ ഉടൻ നെല്ലെടുക്കുമെന്ന പ്രതീക്ഷയിൽ പാടത്ത് കൂട്ടിയിടാൻ കർഷകർക്ക് സാധിക്കില്ല. മഴ പെയ്താൽ വെള്ളം കെട്ടിനിൽക്കാത്ത തരത്തിൽ പുറം ബണ്ടിലാണ് കളങ്ങൾ തയാറാക്കുന്നത്.
യന്ത്രം ഉപയോഗിച്ച് കൊയ്യുന്ന നെല്ല് കളത്തിൽ ഇട്ട് മൂടിയ ശേഷം, മുകളിലായി താത്കാലിക ഷെഡ്ഡ് നിർമ്മിക്കാനാണ് കർഷകരുടെ പദ്ധതി.മഴ പെയ്താൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ കളത്തിന് ചുറ്റും ചാലുകൾ എടുത്തിട്ടുണ്ട്.
കൊയ്ത്ത് ഉടൻ: ഏതാനും ദിവസത്തിനകം പാടത്തെ കൊയ്ത്ത് നടക്കാനിരിക്കുകയാണ്. വിളഞ്ഞ നെല്ല് കൊയ്യാതെ കിടന്നാൽ വീണു നശിക്കും എന്നതിനാലാണ് കർഷകർ കൊയ്ത്ത് നടത്തി നെല്ല് കരയ്ക്ക് കയറ്റാൻ ശ്രമിക്കുന്നത്.
പതിവായി, സപ്ലൈകോ മില്ലുകാരെ നിയോഗിക്കുമ്പോൾ നെല്ല് പാടത്ത് തന്നെ സംഭരണത്തിനായി ഇടുകയാണ് കർഷകർ ചെയ്യാറ്. എന്നാൽ, വിരിപ്പ് കൃഷിയുടെ നെല്ല് സംഭരണത്തിനായി സപ്ലൈകോ ഇതുവരെ മില്ലുകാരെ നിയോഗിച്ചിട്ടില്ല.
മില്ലുടമകളും സർക്കാരും തമ്മിലുള്ള തർക്കങ്ങളാണ് നെല്ല് സംഭരണം വൈകാൻ പ്രധാന കാരണം. നിലവിൽ നെല്ല് സംഭരണം എന്ന് തുടങ്ങും എന്ന് കൃഷി വകുപ്പിനോ സപ്ലൈകോയ്ക്കോ ഒരു ഉറപ്പുമില്ലാത്ത സ്ഥിതിയാണ്. മില്ലുകാരുമായി നെല്ല് സംഭരണത്തിന്റെ അനുപാതം, കൈകാര്യച്ചെലവ് തുടങ്ങിയ കാര്യങ്ങളിലെ തർക്കം പരിഹരിക്കാത്തതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്.
നെല്ല് സംഭരണത്തിലെ ഈ അനിശ്ചിതത്വം കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ആശങ്കയിലുമാണ് എത്തിച്ചിരിക്കുന്നത്.




