കോട്ടയം : മറവൻതുരുത്ത് മണിയശ്ശേരി ക്ഷേത്രത്തിനു സമീപം കുഴിക്കേടത്ത് അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള നൂറ്റാണ്ടിൽ അധികം പഴക്കമുള്ള നാലുകെട്ട് വീടിനു തീപിടിച്ച് വൻ നാശനഷ്ടം. ഇന്നലെ രാത്രി 11.15ഓടെയാണ് നാടിനെ ഞെട്ടിച്ച സംഭവം.
വീട് ഭൂരിഭാഗവും തടിയിൽ തീർത്തതായതിനാൽ തീ അതിവേഗം ആളിപ്പടരുകയായിരുന്നു. തീവ്രത കാരണം ഓടിട്ട മേൽക്കൂരയും തടിയിലുള്ള മച്ചും ഉൾപ്പെടെ പൂർണ്ണമായും കത്തിനശിച്ചു.സംഭവസമയത്ത് വീട്ടിൽ ആൾത്താമസം ഇല്ലാതിരുന്നതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവായി.
വൈക്കത്തുനിന്ന് അഗ്നിരക്ഷാ സേന ഉടൻതന്നെ സ്ഥലത്തെത്തിയെങ്കിലും, വാഹനം ചെല്ലാനുള്ള വഴി ഇല്ലാതിരുന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. ഇതുമൂലം തീ അണയ്ക്കുന്നത് ദുഷ്കരമാവുകയും നാശനഷ്ടത്തിന്റെ വ്യാപ്തി കൂടുകയും ചെയ്തു.
തലയോലപ്പറമ്പ് എസ്ഐ പി.എസ്. സുധീരന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.




