കോട്ടയം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഏറെക്കാലമായി അപകട ഭീഷണി ഉയർത്തി നിന്നിരുന്ന കൂറ്റൻ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റി. സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്കും ബസുകൾക്കും ഒരുപോലെ ഭീഷണിയായിരുന്ന ശിഖരങ്ങളാണ് ഇപ്പോൾ നീക്കം ചെയ്തത്.
മരം വീഴാനുള്ള സാധ്യതയും മഴക്കാലത്ത് ശിഖരങ്ങൾ ഒടിഞ്ഞ് വീഴാനുള്ള അപകട സാധ്യതയും കണക്കിലെടുത്ത് യാത്രക്കാർ ഉൾപ്പെടെയുള്ളവർ പലതവണ പരാതി നൽകിയിരുന്നു. സ്റ്റാൻഡിൽ ബസുകൾ നിർത്തിയിടുന്ന ഭാഗത്തേക്ക് തന്നെയായിരുന്നു മരച്ചില്ലകൾ കൂടുതലായി വളർന്നു നിന്നിരുന്നത്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ശിഖരങ്ങൾ വെട്ടിമാറ്റിയത്. ഇതോടെ സ്റ്റേഷനിലെ അപകട സാധ്യത ഒഴിവായതായി അധികൃതർ അറിയിച്ചു.




