ദുര്‍ഗ്: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെ കാണാനെത്തിയ ഇടതുപക്ഷ എംപിമാരെ പൊലീസ് തടഞ്ഞു. ബൃന്ദ കാരാട്ട്, ജോസ് കെ മാണി, എ എ റഹീം, പി പി സുനീര്‍, കെ രാധാകൃഷ്ണന്, ആനി രാജ എന്നിവരും ഛത്തീസ്ഗഡിലെ പ്രാദേശിക നേതാക്കളും അടങ്ങിയ സംഘത്തെയാണ് ജയിലിന് മുന്നില്‍ വെച്ച് പൊലീസ് തടഞ്ഞത്.
സമയ നിബന്ധന അറിച്ച് കന്യാസ്ത്രീകളെ കാണാന്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയില്ലെന്നാണ് വിവരം. നേരത്തെ ആവശ്യപ്പെട്ടിട്ടും അനുമതി നല്‍കിയില്ലെന്നും വിവേചനം കാണിച്ചെന്നും ബൃന്ദ കാരാട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. എംപിമാര്‍ക്കെങ്കിലും അനുമതി വേണമെന്ന് സംഘം ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുമതി നല്‍കിയില്ല. വൈകിട്ട് മൂന്ന് മണിക്ക് ശേഷം സന്ദര്‍ശകര്‍ക്ക് അനുമതി ഇല്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. നാളെ രാവിലെ 10 മണിക്ക് അനുമതി നല്‍കാമെന്ന് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ ദുര്‍ഗില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ കന്യാസ്ത്രീകളെ തടഞ്ഞു വെച്ചത്. ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. മനുഷ്യക്കടത്തും, നിര്‍ബന്ധിത മത പരിവര്‍ത്തനവും അടക്കം 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. അറസ്റ്റിലായ കന്യാസ്ത്രീകള്‍ കണ്ണൂര്‍, അങ്കമാലി സ്വദേശികളാണ്.






