ആലപ്പുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും കേന്ദ്ര സർക്കാരിനെയുംതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. നിലവിലെ ഇടതുപക്ഷത്തിൽ അതിന്റെ അടിസ്ഥാന ആശയങ്ങൾ പോലും നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഈ തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷം രാഷ്ട്രീയമായി ക്ഷയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തിന്റെ നയങ്ങൾ ഇന്ന് യഥാർത്ഥ ഇടതുപക്ഷ നിലപാടുകൾക്കൊപ്പം നിൽക്കുന്നില്ലെന്നും, വർഗീയതയുടെ സ്വാധീനത്തിലാണ് എൽഡിഎഫ് മുന്നോട്ട് പോകുന്നതെന്നും രാഹുൽ ആരോപിച്ചു. സിപിഎമ്മിനും ബിജെപി–ആർഎസ്എസ് നേതൃത്വത്തിനും ഇടയിൽ അവിശുദ്ധബന്ധമുണ്ടെന്നും അത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന നേതാവ് ജി. സുധാകരൻ കോൺഗ്രസ് വേദിയിൽ എത്തിയതിനെ കുറിച്ചും രാഹുൽ പ്രതികരിച്ചു. ഇത് വ്യക്തിപരമായ അവസരവാദം കൊണ്ടല്ല, എൽഡിഎഫിൽ ഉണ്ടായ അടിസ്ഥാനപരമായ മാറ്റങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് നിലനിന്നിരുന്ന ആശയങ്ങളിൽ നിന്ന് ഇടതുപക്ഷം മാറിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
കേന്ദ്ര സർക്കാരിനെയും അദാനി ഗ്രൂപ്പിനെയുംതിരെയും രാഹുൽ ഗാന്ധി കടുത്ത വിമർശനം ഉന്നയിച്ചു. കോർപ്പറേറ്റ് താൽപര്യങ്ങൾക്കും ഭരണകൂടത്തിനുമിടയിൽ അടുത്ത ബന്ധമുണ്ടെന്നാരോപിച്ച്, അത് രാജ്യത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളെ ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കർഷകരെയും ഊർജ്ജ സുരക്ഷയെയും ബാധിക്കുന്ന നയങ്ങൾ കേന്ദ്ര സർക്കാർ പിന്തുടരുകയാണെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.




