മലപ്പുറം: കോൺഗ്രസ് എംപി ശശി തരൂരിന്റെ വാഹനത്തെ തടഞ്ഞ് ഗൺമാനെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ വണ്ടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്.
തിരുവാലി ചെള്ളിത്തോട് പാലത്തിനു സമീപം എംപിയുടെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പരാതി. വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എ.പി. അനിൽകുമാറിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. രണ്ട് വാഹനങ്ങളിലായാണ് തരൂരും സംഘവും യാത്ര ചെയ്തിരുന്നത്.
സ്ഥലത്ത് എത്തിയ രണ്ട് വാഹനങ്ങളിലുണ്ടായിരുന്ന സംഘവുമായി തർക്കം ഉണ്ടായതായും, അതിനിടെ ഒരാൾ ഗൺമാനെ കയ്യേറ്റം ചെയ്തതായും പരാതിയിൽ പറയുന്നു. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കാളികാവ് സ്വദേശി ഉമ്മറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. സംഭവത്തിൽ ഉപയോഗിച്ച രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതിനിടെ സംഭവത്തെക്കുറിച്ച് ശശി തരൂർ പ്രതികരിച്ചു. തന്റെ സുരക്ഷാ ജീവനക്കാരൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച എല്ലാവർക്കും നന്ദി അറിയിച്ച അദ്ദേഹം, ഗൺമാൻ സുഖമായിരിക്കുന്നുവെന്നും അറിയിച്ചു. തനിക്കെതിരെ നേരിട്ടുള്ള ആക്രമണമുണ്ടായിട്ടില്ലെന്നും വ്യക്തമാക്കി.
പരിപാടികൾക്ക് യാതൊരു മാറ്റവും ഇല്ലാതെ മുന്നോട്ട് പോയതായും, നിശ്ചയിച്ചിരുന്ന മറ്റ് പരിപാടികളും പൂർത്തിയാക്കിയതായും തരൂർ അറിയിച്ചു.




