വെല്ലിങ്ടണ്‍: ഫുട്ബോള്‍ ലാകകപ്പിന് ഇന്ത്യ കളിക്കുന്നില്ലെങ്കിലെന്താ, രണ്ട് ഇന്ത്യന്‍ വംശജരാണ് പന്തുതട്ടാന്‍ ഒരുങ്ങുന്നത്. മലയാളി കൂടിയായ തഹ്സീന്‍ മുഹമ്മദ് ഖത്തറിന് വേണ്ടിയും പഞ്ചാബി വേരുകളുള്ള സര്‍പ്രീത് സിങ് ന്യൂസീലന്‍ഡിനുവേണ്ടിയും കളിക്കും. അങ്ങനെ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇങ്ങനെയെങ്കിലും സാന്നിധ്യമുണ്ടെന്ന് ആശ്വസിക്കാം.
2018 മുതല്‍ ന്യൂസീലന്‍ഡ് ടീമില്‍ അംഗമാണ് സര്‍പ്രീത് സിങ്. ഇന്ത്യക്കാരാണ് സര്‍പ്രീതിന്റെ മാതാപിതാക്കള്‍. ന്യൂസീലന്‍ഡിന്റെ അണ്ടര്‍ 17, 20 ടീമുകള്‍ക്കുവേണ്ടി സര്‍പ്രീത് സിങ് കളിച്ചിട്ടുണ്ട്. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ താരം, ബയേണ്‍ മ്യൂണിക്കിനുവേണ്ടിയും കളിച്ചിട്ടുണ്ട്. ബുണ്ടസ് ലിഗ, ജര്‍മന്‍ കപ്പ് വിജയങ്ങളില്‍ ടീമിനൊപ്പം താരത്തിന് പങ്കാളിത്തവുമുണ്ട്. ന്യൂസീലന്‍ഡ് ടീമിനൊപ്പം ഒഎഫ്സി അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പും അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പും നേടിയിട്ടുണ്ട്.






