തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ മുൻ നിയമസഭാ സെക്രട്ടറി ശാർങ്ധരൻ നേരിട്ട് കോടതിയിൽ ഹാജരായി മൊഴി നൽകണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഓൺലൈൻ വിസ്താരത്തിന് അനുമതി തേടി ശാർങ്ധരൻ നൽകിയ അപേക്ഷ കോടതി തള്ളി.
കേസിലെ ഒന്നാം സാക്ഷിയാണ് മുൻ നിയമസഭാ സെക്രട്ടറി ശാർങ്ധരൻ. ആരോഗ്യപ്രശ്നങ്ങൾ കാരണം നേരിട്ട് കോടതിയിലെത്തി മൊഴി നൽകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഓൺലൈൻ വിസ്താരത്തിന് അനുമതി തേടിയത്.
എന്നാൽ, ഓൺലൈൻ വിസ്താരത്തെ പ്രോസിക്യൂഷൻ എതിർത്തു. കേസുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങളും പ്രധാന രേഖകളും സാക്ഷിയുടെ സാന്നിധ്യത്തിൽ നേരിട്ട് പരിശോധിക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഓൺലൈൻ വിസ്താരം നടത്തിയാൽ നടപടികളിൽ ആവശ്യമായ കൃത്യത ഉറപ്പാക്കാനാകില്ലെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സന്തോഷ് കുമാർ വാദിച്ചു.
പ്രോസിക്യൂഷന്റെ വാദങ്ങൾ പരിഗണിച്ചാണ് കോടതി അപേക്ഷ തള്ളിയത്. അടുത്ത മാസം ഒന്നിന് ശാർങ്ധരൻ നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.


