Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘കടക്ക് പുറത്ത്’ ശൈലിയിലേക്ക് VD സതീശനും: പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞ തത്ത്വങ്ങൾ ഭരണത്തിലെത്തിയപ്പോൾ മറന്നോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്നത്തെ പ്രതിപക്ഷ നേതാവായ വിഡി സതീശനും യുഡിഎഫും ഏറ്റവുമധികം പറഞ്ഞ ആക്ഷേപം എന്തോ, അതേ വഴിയിലൂടെ നീങ്ങുകയാണ് ഇന്നത്തെ മുഖ്യമന്ത്രിയായ വിഡി സതീശൻ. ചിരിക്കുന്ന മുഖ്യമന്ത്രി സതീശനും ഒടുവിൽ മാധ്യമങ്ങളോട് കടക്ക് പുറത്ത് പറഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി പോകുന്നിടത്തെല്ലാം മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇനി മുതല്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ പ്രതികരണത്തിനായി കാണുണ്ടെങ്കില്‍ അത് മുന്‍കൂട്ടി ഔദ്യോഗികമായി അറിയിക്കുമെന്നാണ് അറിയിപ്പ്.

സാധാരണയായി എല്ലാ ബുധനാഴ്ചകളിലും ചേരുന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്ന പതിവുണ്ടാകും. ഇതിന് പുറമെ ഏതെങ്കിലും തരത്തിലുള്ള അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ പ്രതികരണം നല്‍കേണ്ടിവന്നാല്‍ അതും മുന്‍കൂട്ടി അറിയിച്ചു കൊണ്ടുതന്നെയായിരിക്കും നടപ്പിലാക്കുക. ഈ നീക്കം യഥാർത്ഥത്തിൽ മാധ്യമങ്ങളുടെ സ്വാഭാവിക ചോദ്യങ്ങളെ ഭയന്നുള്ള ഓളമറയ്ക്കൽ മാത്രമാണ്. ജനങ്ങളോട് നേരിട്ട് മറുപടി പറയാൻ ബാദ്ധ്യതയുള്ള ഒരു ജനപ്രതിനിധി, അപ്രതീക്ഷിതമായി ഉയരുന്ന ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിക്കാൻ ഇത്തരമൊരു മുൻകൂർ നോട്ടീസ് നാടകം നടത്തുന്നത് ജനാധിപത്യത്തിന് ഒട്ടും ചേർന്നതല്ല.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും ഔദ്യോഗിക ചടങ്ങുകളിലും വിഷ്വല്‍ മീഡിയ പ്രവര്‍ത്തകര്‍ വന്‍തോതില്‍ തടിച്ചുകൂടുന്ന സാഹചര്യം പതിവായതോടെയാണ് പുതിയ തീരുമാനമത്രേ. ഇടുക്കിയില്‍ നടന്ന പരിപാടിയിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ തള്ളിക്കയറിയത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രി പ്രതികരിക്കാതെ മടങ്ങുമ്പോള്‍ അത് മാധ്യമങ്ങളില്‍ വാര്‍ത്തയാക്കുന്ന പ്രവണത വര്‍ധിച്ചതായി ഭരണതലത്തില്‍ വിലയിരുത്തലുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുവന്ന ചില രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വിഷയം കൂടുതല്‍ ഗൗരവമായി മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസും ചര്‍ച്ച ചെയ്തത്. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം നടത്തുന്ന നീക്കങ്ങളും സുരക്ഷാ വിലയിരുത്തലുകളും ഇതിന് ആക്കം കൂട്ടി.

നേരത്തെ, പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നാം സ്ഥിരമായി കണ്ടിരുന്ന ഒരു കാഴ്ച്ചയായിരുന്നു അദ്ദേഹം മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ പോകുന്നതും പിന്നാലെ ഓടിച്ചെല്ലുന്ന മാധ്യമ പ്രവർത്തകരും. ഇത് അന്ന് പ്രതിപക്ഷത്തിന് ഒരു വലിയ ആയുധമായിരുന്നു. ധാർഷ്ട്യക്കാരനെന്ന ടാ​ഗ് ലൈൻ പിണറായിക്ക് കിട്ടുന്നതിൽ ഈ സംഭവങ്ങൾ ഒരു പരിധിവരെ കാരണമായിട്ടുണ്ട്. ഇക്കാര്യം ഏറ്റവും നന്നായി അറിയുന്നവർ തന്നെയാണ് കോൺ​ഗ്രസുകാർ. അതുകൊണ്ട് തന്നെയാണ് കാര്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ള ഈ നീക്കങ്ങൾ.

ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഉന്നയിച്ച ഗുരുതരമായ സാമ്പത്തിക ആരോപണങ്ങള്‍ക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണത്തിനായി മുഖ്യമന്ത്രി സതീശനെ സമീപിച്ചതാണ് ആദ്യ സംഭവം. സിഎംആര്‍എല്‍ മേധാവി എസ്.എന്‍. ശശിധരന്‍ കര്‍ത്തയില്‍ നിന്ന് സതീശന്‍ പണം കൈപ്പറ്റിയെന്നായിരുന്നു ആരോപണം. ഈ ആരോപണം ഉയര്‍ന്ന സമയത്ത് കൊച്ചിയില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹത്തെ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണത്തിനായി തിക്കിത്തിരക്കി വളഞ്ഞത് സുരക്ഷാ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടു. തൊട്ടടുത്ത ദിവസം ഇടുക്കി കളക്ടറേറ്റില്‍ നടന്ന യോഗത്തിന് ശേഷം പുറത്തേക്ക് വന്നപ്പോഴും സമാനമായ സംഭവമുണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൂട്ടത്തോടെ വളയുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ഈ രണ്ടു സംഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കണമെന്ന് ഇന്റലിജന്‍സ് വിഭാഗം വിലയിരുത്തിയത്. ജനങ്ങളും മാധ്യമപ്രവര്‍ത്തകരും അനിയന്ത്രിതമായി മുഖ്യമന്ത്രിയുടെ തൊട്ടടുത്തേക്ക് എത്തുന്നതില്‍ കടുത്ത ജാഗ്രത വേണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ഇന്റലിജന്‍സ് എഡിജിപി ഇത് സംബന്ധിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും പ്രത്യേക നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനാണ് പൊലീസിന്റെ തീരുമാനം. പ്രതിപക്ഷ സംഘടനകള്‍ കടുത്ത പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അടുത്തേക്ക് ആളുകള്‍ എത്തുന്നത് തടയാന്‍ നിയന്ത്രണങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. തനിക്ക് സുരക്ഷ ശക്തമാക്കാൻ അകമ്പടി വാഹനങ്ങൾ വേണ്ടെന്ന് പറഞ്ഞ് ജനകീയ പ്രതിച്ഛായ ഉണ്ടാക്കാൻ ശ്രമിച്ച അതേ സതീശൻ തന്നെയാണ്, മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പൊലീസിന്റെയും ഇന്റലിജൻസ് എഡിജിപിയുടെയും വിലക്കുകൾക്ക് പിന്നിൽ സുരക്ഷിതമായി ഒളിക്കാൻ ശ്രമിക്കുന്നത്.

അതേസമയം സുരക്ഷാ ആശങ്കകള്‍ ഒരുവശത്ത് നിലനില്‍ക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങളുടെ ഘടനയിലും കാതലായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇതിനായി പുതിയ ക്രമീകരണങ്ങള്‍ പിആര്‍ഡിയുമായി ചേര്‍ന്ന് തയ്യാറാക്കുന്നുണ്ട്.

വാര്‍ത്താസമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ഒരേസമയം ബഹളം വെയ്ക്കുന്നതും തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതും ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യമെന്നാണ് സർക്കാർ വാദം. ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രത്യേകമായി മൈക്ക് സംവിധാനം ഏര്‍പ്പെടുത്താനാണ് ആലോചന. ഇതുപ്രകാരം കയ്യില്‍ ലഭിക്കുന്ന മൈക്കിലൂടെ മാത്രം ചോദിക്കുന്ന ചോദ്യങ്ങള്‍ക്കായിരിക്കും മുഖ്യമന്ത്രി മറുപടി നല്‍കുക. മാധ്യമപ്രവര്‍ത്തകര്‍ ഒന്നിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച് വാര്‍ത്താസമ്മേളന മുറിയില്‍ അന്തരീക്ഷം വഷളാക്കുന്നത് തടയുക എന്നത് തന്നെ ലക്ഷ്യം. കഴിഞ്ഞ കുറച്ചു വാര്‍ത്താസമ്മേളനങ്ങളിലായി ഉണ്ടാകുന്ന അനാവശ്യ തര്‍ക്കങ്ങളും ബഹളങ്ങളും സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് പാര്‍ട്ടി തലത്തിലും വിലയിരുത്തലുണ്ടായി. ചോദ്യം ചോദിക്കുന്നവരോട് മുഖ്യമന്ത്രി ക്ഷോഭിക്കുന്നതും ഇമേജിന് കോട്ടം വരുത്തും എന്ന തിരിച്ചറിവും ഇതിന് പിന്നിൽ കാണും.

ഒരു സമയം ഒരാൾ മാത്രം ചോദ്യം ചോദിക്കുന്ന രീതിയും മൈക്ക് കൈമാറുന്ന സംവിധാനവും ആവിഷ്കരിക്കുന്നത് വാർത്താസമ്മേളനം സുതാര്യമാക്കാനല്ല, മറിച്ച് തങ്ങൾക്ക് സൗകര്യപ്രദമായ ചോദ്യങ്ങൾ മാത്രം തിരഞ്ഞെടുക്കാനും പ്രതികൂലമായ ചോദ്യങ്ങളെയും ഉപചോദ്യങ്ങളെയും വെട്ടിനിരത്താനുമാണ്. പണ്ട് കോവിഡ് കാലത്ത് പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനങ്ങൾ ഏകാധിപത്യപരമായ രീതിയിൽ നിയന്ത്രിക്കപ്പെട്ടിരുന്നു എന്ന് വിമർശിച്ചവർ, അതേ കോവിഡ് മാതൃകയും സിപിഐഎം ശൈലിയും വീണ്ടും കൊണ്ടുവരുന്നത് വഴി തങ്ങളും അതേ ഏകാധിപത്യ നിലപാടുകാരാണെന്ന് സ്വയം സമ്മതിക്കുകയാണ്. ക്യാമറയിൽ ചോദ്യകർത്താവിനെ കാണിക്കാനുള്ള സംവിധാനം കൊണ്ടുവരുന്നു എന്ന് പ്രചരിപ്പിക്കുന്നത് ഈ കടുത്ത നിയന്ത്രണങ്ങളെ ഹൈടെക് ആക്കി ചിത്രീകരിക്കാനുള്ള തന്ത്രം മാത്രമാകാം. ചോദ്യം ചോദിക്കുന്നവരോട് മുഖ്യമന്ത്രി കോപിക്കുന്നതും തട്ടിക്കയറുന്നതും ജനങ്ങൾ തത്സമയം കാണാതിരിക്കാനും, അദ്ദേഹത്തിന്റെ “സൗമ്യ പ്രതിച്ഛായ” തകരാതിരിക്കാനുമാണ് വാർത്താസമ്മേളനങ്ങളുടെ ഘടന തന്നെ മാറ്റാൻ പിആർഡിയെ ഉപയോഗിച്ച് പദ്ധതിയൊരുക്കുന്നതെന്ന ആരോപണം ഉയർന്നു കഴിഞ്ഞു.

ഇതോടൊപ്പം ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ക്യാമറയില്‍ ദൃശ്യമാക്കുന്ന തരത്തിലുള്ള സാങ്കേതിക ക്രമീകരണങ്ങളും ഹാളില്‍ ഒരുക്കും. ചോദ്യകര്‍ത്താവിനെ വ്യക്തമായി പ്രേക്ഷകര്‍ക്ക് കാണാന്‍ ഇത് സഹായിക്കും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റുമായി കൂടിയാലോചിച്ചാണ് വാര്‍ത്താസമ്മേളന ഹാളിലെ ഈ മാറ്റങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നത്. പുതിയ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ തന്നെ നടപ്പില്‍ വരുത്തും. വരും ദിവസങ്ങളില്‍ ചേരുന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങളില്‍ തന്നെ ഈ പുതിയ ക്രമീകരണങ്ങള്‍ പ്രാബല്യത്തില്‍ വന്നേക്കും. ഇതോടെ പ്രതികരണങ്ങള്‍ക്കും വാര്‍ത്താസമ്മേളനങ്ങള്‍ക്കും പുതിയൊരു ശൈലിയാകും വരുന്നത്.

അധികാരത്തിലെത്തുന്നതിന് മുൻപ് മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും സുതാര്യതയെക്കുറിച്ചും വാനോളം സംസാരിച്ചിരുന്നവർ, അധികാര കസേരയിലിരിക്കുമ്പോൾ ചോദ്യങ്ങളെയും വിമർശങ്ങളേയും നേരിടാൻ സാധിക്കാതെ മാധ്യമങ്ങളുടെ വായടപ്പിക്കാൻ ശ്രമിക്കുന്നത് ജനാധിപത്യപരമായ അപചയമാണ്. പ്രതിപക്ഷത്തിരുന്നപ്പോൾ മറ്റുള്ളവരുടെ ധാർഷ്ട്യത്തെക്കുറിച്ച് പ്രസംഗിച്ച സതീശൻ, ഭരണത്തിലെത്തിയപ്പോൾ അതേ ധാർഷ്ട്യത്തിന്റെയും ഒളിച്ചോട്ടത്തിന്റെയും പുതിയ വക്താവായി മാറുകയാണ് ചെയ്തത്. സുരക്ഷയുടെയും ക്രമീകരണങ്ങളുടെയും പേരിൽ മാധ്യമങ്ങളെ അകറ്റിനിർത്തുന്നത് ജനങ്ങളോടുള്ള മറുപടിപറയൽ ബാധ്യതയിൽ നിന്നുള്ള ഭീരുത്വം നിറഞ്ഞ ഒളിച്ചോട്ടമല്ലാതെ മറ്റൊന്നുമല്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix