കൊച്ചി: മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ജിസിഡിഎക്കെതിരെ ആരോപണങ്ങളുമായി കരാർ കമ്പനിയായ ടിഡിഎൽസി നിർമ്മാണത്തിലെ പിഴവുകൾക്ക് കാരണം ജിസിഡിഎ നിർദേശിച്ച മാറ്റങ്ങളാണെന്ന് വ്യക്തമാക്കുന്ന കത്തിന്റെ പകർപ്പ് കമ്പനി പുറത്തുവിട്ടു.
റൂഫിങ് ഷീറ്റ് ഒഴിവാക്കുക, ലൈറ്റ് വെയ്റ്റ് സ്റ്റീൽ ഉപയോഗിക്കുക, സൺഷേഡുകളുടെ നീളം കുറയ്ക്കുക തുടങ്ങിയ പ്രധാന ഡിസൈൻ മാറ്റങ്ങൾ ജിസിഡിഎ നിർദേശിച്ചതാണെന്നാണ് കമ്പനിയുടെ വിശദീകരണം. മാലിന്യസംസ്കരണത്തിനായി ആദ്യം തീരുമാനിച്ചിരുന്ന ട്രീറ്റ്മെന്റ് പ്ലാന്റ് ഒഴിവാക്കി സെപ്റ്റിക് ടാങ്കാക്കി മാറ്റിയതും ജിസിഡിഎയുടെ തീരുമാനമാണെന്നും ടിഡിഎൽസി ആരോപിച്ചു. 2020 ഒക്ടോബർ 10നാണ് 86 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിനുള്ള കരാർ ഒപ്പിട്ടത്. തുടക്കത്തിൽ 20 കോടി രൂപയായിരുന്ന പദ്ധതിയുടെ തുകയും സൗകര്യങ്ങളും പിന്നീട് വെട്ടിക്കുറച്ച് 14.61 കോടി രൂപയാക്കി.
90 ശതമാനം നിർമ്മാണപ്രവൃത്തികളും പൂർത്തിയാക്കിയ ശേഷം 2024ൽ ടി.ഡി.എൽ.സി പണി അവസാനിപ്പിച്ചു. കമ്പനി 13.25 കോടി രൂപയുടെ ബിൽ സമർപ്പിച്ചെങ്കിലും 11.72 കോടി രൂപ മാത്രമാണ് ലഭിച്ചതെന്ന് അധികൃതർ പറയുന്നു. ജി.സി.ഡി.എയുടെ തീരുമാനങ്ങളും നടപടികളും മൂലം തങ്ങൾക്ക് ആകെ 5.50 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ടി.ഡി.എൽ.സി വ്യക്തമാക്കുന്നത്.


