കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. ആകാശ് തില്ലങ്കേരി ഉൾപ്പെടെ മൂന്ന് പ്രതികൾ നൽകിയ ഹർജിയാണ് തള്ളിയത്. നിലവിൽ വിചാരണ നടക്കുന്ന തലശ്ശേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ നീതിപൂർവം നടക്കില്ലെന്നായിരുന്നു പ്രതികളുടെ വാദം.
എന്നാൽ വിചാരണക്കോടതി ജഡ്ജിക്കെതിരായ പ്രതികളുടെ ആരോപണം നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, കേസിലെ സാക്ഷികളെ പൂർണമായി വിസ്തരിക്കാൻ പ്രതിഭാഗത്തിന് അവസരം നൽകണമെന്നും കോടതി നിർദേശിച്ചു.
തലശ്ശേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതി തന്നെ വിചാരണ പൂർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
2018 ഫെബ്രുവരിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബ് കൊല്ലപ്പെട്ടത്. എട്ട് വർഷത്തിന് ശേഷം കഴിഞ്ഞ മെയ് മാസത്തിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതുവരെ മൂന്ന് സാക്ഷികളുടെ വിസ്താരം പൂർത്തിയായി.
ജഡ്ജിക്കെതിരെ ആരോപണമുന്നയിച്ച് കേസിൽ ഹാജരാകാതിരുന്ന പ്രതികളുടെ ജാമ്യം നേരത്തെ വിചാരണക്കോടതി റദ്ദാക്കിയിരുന്നു. എന്നാൽ പിന്നീട് ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കിയിരുന്നു.


