പാലക്കാട്: തത്തമംഗലം നഗരസഭയിലെ 21-ാം വാർഡായ കുന്നത്തുപാളയം ഈ തവണത്തെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ അപൂർവമായ ഒരു മത്സരത്തിന് വേദിയാകുകയാണ്. ഇവിടെ മത്സരിക്കുന്ന മൂന്നു സ്ഥാനാർത്ഥികളുടെയും പേരും ‘സുനിത’ എന്നതാണ് പ്രത്യേകത.
എൻഡിഎ സ്ഥാനാർത്ഥി സുനിതയും, എൽഡിഎഫിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥി സുനിതയും കൂടാതെ യുഡിഎഫ് സ്ഥാനാർത്ഥി സുനിതയും ആണ് മത്സരരംഗത്ത്. എൽഡിഎഫിന്റെ ചിഹ്നം കുടയാണ്, യുഡിഎഫിന്റെ ചിഹ്നം കൈപ്പത്തിയാണ്. എൻഡിഎ സ്ഥാനാർത്ഥി സുനിത തിരിച്ചറിയാൻ വേണ്ടി പേര്സുനിത ലോകേഷ് എന്നാക്കി.പൊതുപ്രവർത്തനത്തിലൂടെ പ്രദേശത്ത് സജീവ സാന്നിധ്യമാണ് മൂവരും.
ഇവരെല്ലാം വോട്ട് തേടി വീടുതോറും പോകുമ്പോൾ പേരിൽ ഒന്നുപോലെ ഉള്ളതുകൊണ്ട് വോട്ടർമാർക്ക് വലിയ ആശയക്കുഴപ്പമാണ്. അതിനാൽ ഓരോ സ്ഥാനാർത്ഥിയും വോട്ട് ചോദിക്കുമ്പോൾ പേര് പറയുന്നതിന് മുമ്പായി തന്നെ ചിഹ്നം പറയേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ ചെന്നിരിക്കുന്നത്.
മൂന്നുപേരും പൊതുപ്രവർത്തനത്തിൽ തന്റേതായ മുദ്ര പതിപ്പിച്ചിട്ടുള്ളവരായതിനാൽ ഇവിടെ മത്സരം ഏത് വഴിയിലും കടുപ്പമേറിയതായിരിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. ഒരേ പേരിലുള്ള മൂന്നുപേരുടെ മത്സരമാണ് കുന്നത്തുപാളയത്തെ ഇപ്പോൾ രാഷ്ട്രീയചർച്ചകളുടെ കേന്ദ്രമായി മാറ്റിയിരിക്കുന്നത്.






