ബത്തേരി ; പുൽപള്ളിയിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചൻ അന്യായമായി ജയിലിൽ കഴിയാനിടയായ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ച കോൺഗ്രസിന്റെ പ്രാദേശിക നേതാവ് ജോസ് നെല്ലേടം (57) ജീവനൊടുക്കിയ നിലയിൽ. വയനാട് മുള്ളൻകൊല്ലി പഞ്ചായത്ത് രണ്ടാം വാർഡ് അംഗം കൂടിയായ ജോസിനെ കൈഞരമ്പ് മുറിച്ച ശേഷം പെരിക്കല്ലൂരിലെ കുളത്തിൽ ചാടി മരിച്ച നിലയിലാണ് വെള്ളിയാഴ്ച രാവിലെ ഒൻപതോടെ കണ്ടെത്തിയത്. വിഷം കഴിച്ചതായും സംശയമുണ്ട്. അയൽവാസികൾ ജോസിനെ പുൽപള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
വിമതനായി മത്സരിച്ച് പഞ്ചായത്തിലേക്ക് ജയിച്ച ശേഷം വീണ്ടും കോൺഗ്രസിലേക്ക് എത്തിയ ജോസിനെ തങ്കച്ചന്റെ ജയിൽവാസവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസം പൊലീസ് വിളിച്ചുവരുത്തിയിരുന്നു. കേസിൽ ജോസിനെ പ്രതിചേർത്തിരുന്നില്ല. തന്നെ കള്ളക്കേസിൽ കുടുക്കിയതുമായി ബന്ധപ്പെട്ട് തങ്കച്ചൻ മാധ്യമങ്ങളോടും മറ്റും പറഞ്ഞ ആറുപേരുകളിൽ ഉൾപ്പെട്ടയാൾ കൂടിയാണ് ജോസ്. അടുത്തിടെ മുളളൻകൊല്ലിയിൽ കോൺഗ്രസിനുള്ളിലുണ്ടായ ഗ്രൂപ്പുതർക്കങ്ങളാണ് തങ്കച്ചനെ കള്ളക്കേസിൽപ്പെടുത്തുന്നതിൽ ഉൾപ്പെടെയുള്ള സാഹചര്യങ്ങൾക്ക് ഇടയാക്കിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു.
പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചതിനു പിന്നാലെ ജോസ് വലിയ മാനസിക പിരിമുറുക്കം നേരിട്ടിരുന്നതായാണ് സൂചന. കഴിഞ്ഞ മാസം 22ന് രാത്രിയാണ് തങ്കച്ചന്റെ വീട്ടിലെ കാർ പോർച്ചിൽ നിന്നു കർണാടക മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയത്. ഇതേത്തുടർന്ന് തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഭർത്താവ് നിരപരാധിയാണെന്നും കേസിൽ കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഭാര്യ സിനി ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ പൊലീസ് നടത്തിയ തുടർ അന്വേഷണത്തിൽ തങ്കച്ചൻ നിരപരാധിയാണെന്നും കണ്ടത്തുകയും ചെയ്തു. കേസിൽ മരക്കടവ് സ്വദേശി പി.എസ്.പ്രസാദ് (41) എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കർണാടകയിൽ നിന്നുമദ്യം വാങ്ങിക്കൊണ്ടുവന്നത് പ്രസാദാണെന്നു കണ്ടെത്തി. കള്ളക്കേസുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങളും പ്രസാദിൽ നിന്നു പൊലീസിനു ലഭിച്ചു.






