കോട്ടയം: മൂന്നാനിയിലെ കോർട്ട് കോംപ്ലക്സിന് സമീപം ലോറിയിൽ പ്ലാസ്റ്റിക് മാലിന്യം തള്ളാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. ഇന്ന് ഉച്ചയോടെയാണ് മാലിന്യവുമായി ലോറി എത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോണി തൈപ്പറമ്പിൽ, കൗൺസിലർ ബിജു വരിക്കയാനി, കേരള കോൺഗ്രസ് നേതാവ് ടോണി തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായെത്തി ലോറി തടഞ്ഞത്.
സംഭവസ്ഥലത്തെത്തിയ പോലീസും നാട്ടുകാരുടെ ആവശ്യത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. ഇതോടെ, കൊണ്ടുവന്ന മാലിന്യം അവിടെ തള്ളാൻ അനുവദിക്കില്ലെന്നും അവ തിരികെ കൊണ്ടുപോകണമെന്നുമുള്ള ഉറച്ച നിലപാടിൽ നാട്ടുകാർ ഉറച്ചുനിന്നു. തുടർന്ന് ജെസിബി എത്തിച്ച് ലോറിയിലുണ്ടായിരുന്ന മാലിന്യം തിരികെ കയറ്റാനുള്ള നടപടികൾ ആരംഭിച്ചു. കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്തു നിന്നുള്ള മാലിന്യമാണ് ലോറിയിൽ എത്തിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ജനവാസ മേഖലയിൽ മാലിന്യം തള്ളാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്.






