കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൂഞ്ഞാർ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ കോൺഗ്രസ് ക്യാമ്പിൽ സജീവമാകുന്നു. മധുസൂദനൻ മിസ്ത്രി ചെയർമാനായുള്ള ഇലക്ഷൻ സ്‌ക്രീനിംഗ് കമ്മിറ്റിക്ക് മുൻപാകെ അഞ്ചംഗ നേതാക്കളുടെ പ്രാഥമിക പട്ടിക കൈമാറി.
മണ്ഡലത്തിൽ വിജയസാധ്യത ഉറപ്പാക്കാൻ കെൽപ്പുള്ളവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആദ്യഘട്ട സർവ്വേയുടെ അടിസ്ഥാനത്തിലാണ് ഈ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ജോസഫ് വാഴക്കൻ, അഡ്വ. സജി ജോസഫ്, ടോമി കല്ലാനി, വസന്ത് തെങ്ങുംപള്ളി, ജോമോൻ എക്കരെ എന്നിവരുടെ പേരുകളാണ് നിലവിൽ ഹൈക്കമാൻഡ് കമ്മിറ്റിയുടെ പരിഗണനയിലുള്ളത്.
ഗ്രൂപ്പ് സമവാക്യങ്ങൾക്കോ വ്യക്തിതാൽപര്യങ്ങൾക്കോ അതീതമായി, ‘വിജയസാധ്യത’ എന്ന ഒറ്റ ഘടകത്തിന് മാത്രമാണ് ഇത്തവണ പാർട്ടി മുൻഗണന നൽകുന്നത്. ശക്തമായ ഒരു പോരാട്ടം കാഴ്ചവെക്കാൻ പ്രാദേശിക തലത്തിൽ സ്വാധീനമുള്ള നേതാവിനെ തന്നെ അണിനിരത്താനാണ് കെ.പി.സി.സി നീക്കം.
അതേസമയം, മുന്നണി ചർച്ചകൾ പൂർത്തിയാകുമ്പോൾ കേരള കോൺഗ്രസ്സുമായി പൂഞ്ഞാർ- ഏറ്റുമാനൂർ സീറ്റുകൾ തമ്മിൽ വെച്ചുമാറാനുള്ള സാധ്യതയും രാഷ്ട്രീയ വൃത്തങ്ങൾ തള്ളിക്കളയുന്നില്ല. അന്തിമ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതോടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമാകും.




