കൊല്ലം: അച്ചൻകോവിൽ ഗ്രാമത്തിൽ വിൽപനയ്ക്കെത്തിക്കുന്ന മീൻ പഴകിയതാണെന്നാരോപണം ഉയരുന്നു. ഈ മീൻ പാചകം ചെയ്ത് കഴിച്ചവരിൽ ആരോഗ്യപ്രശ്നങ്ങൾ വ്യാപകമാണെന്നും നിരവധി പേർക്ക് ഛർദിയും അതിസാരവും അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു. പാകം ചെയ്യുമ്പോൾ മീനിൽ രൂക്ഷഗന്ധം ഉണ്ടാകുന്നതിനാൽ പലരും അത് ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യമാണെന്നും അവർ വ്യക്തമാക്കി.
ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാരോപണവും ഉയരുന്നുണ്ട്. വിഷയത്തിൽ മീൻ വിൽപനക്കാരോട് ചോദ്യം ചെയ്തപ്പോൾ തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
ഭക്ഷ്യയോഗ്യമല്ലാത്ത മീൻ വിൽപന തടയാൻ ആരോഗ്യ വകുപ്പ് അടിയന്തരമായി ഇടപെടുകയും, ഇത്തരം മീൻ പിടിച്ചെടുത്ത് കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.






