ബെംഗളൂരു: കർണാടകയിലെ തുംകൂരുവിൽ പെൺസുഹൃത്തുമായി ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് ജീവനൊടുക്കി. അങ്കോള സ്വദേശിയായ നാഗേന്ദ്രയാണ് മരിച്ചത്.
സംഭവത്തിന് മുൻപ് പെൺസുഹൃത്ത് രമ്യയെ കാറിനുള്ളിൽ വച്ച് കുത്തിയ ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്. കുത്തേറ്റ രമ്യയും ഡ്രൈവറും കാറിൽ നിന്ന് പുറത്തേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു.
കഴിഞ്ഞ ആറു വർഷമായി ഇരുവരും ബന്ധത്തിലായിരുന്നു. അടുത്തിടെ ഉണ്ടായ തർക്കങ്ങൾക്കൊടുവിൽ രാവിലെ കാബ് വിളിച്ച് എത്തിയ നാഗേന്ദ്ര, രമ്യയെ നിർബന്ധിച്ച് കാറിൽ കയറ്റി കൊണ്ടുപോയതാണെന്ന് പരിക്കേറ്റ രമ്യ പൊലീസിന് മൊഴി നൽകി.
യാത്രയ്ക്കിടെ ഭീഷണിപെടുത്തിയ നാഗേന്ദ്ര കത്തിയെടുത്ത് രമ്യയെ ആക്രമിക്കുകയായിരുന്നു. നെറ്റിയിലും കയ്യിലും പരിക്കേറ്റ രമ്യ കാറിൽ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. പിന്നാലെ ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങിയതിനു ശേഷമാണ് കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് നാഗേന്ദ്ര ആത്മഹത്യ ചെയ്തത്.
വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്, അഗ്നിരക്ഷാ സേന എന്നിവർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. കാർ പൂർണമായും കത്തി നശിച്ചു.
പരിക്കേറ്റ രമ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




