തിരുവനന്തപുരം: വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ ഇന്നു മുതല്‍ അഞ്ച് ദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്.
വടക്കന്‍ തമിഴ്‌നാട് മുതല്‍ കര്‍ണാടക, തമിഴ്‌നാട്, വടക്കന്‍ കേരളം വഴി ലക്ഷദ്വീപ് വരെ 1.5 കിലോമീറ്റര്‍ മുകളില്‍ ന്യൂനമര്‍ദ്ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇന്ന് കേരളത്തില്‍ 9 ജില്ലകളില്‍ മഴയ്ക്ക് സാധ്യത.
ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് . ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മി.മീ വരെ മഴ ലഭിക്കാനിടയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
അതായത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബര്‍ നാലിന് തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.






