കണ്ണൂർ: വേടനെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വേടൻ്റേത് കലാഭാസമാണെന്ന് പറഞ്ഞ ആർഎസ്എസ് വാരികയായ കേസരിയുടെ മുഖ്യപത്രാധിപർ ഡോ. എൻ ആർ മധുവിനായിരുന്നു ഗോവിന്ദൻ മറുപടി നൽകിയത്. വേടൻ കേരളത്തിൻ്റെ പടനായകനാണെന്ന് അദ്ദേഹം പറഞ്ഞു. ജാതിക്കെതിരായ പ്രവർത്തനമാണ് വേടൻ്റേത്.
വേടനെതിരായ പോലീസ് നീക്കം ബോധപൂർവമാണ്. അത് തെറ്റ് തന്നെയാണ്. വേടൻ്റെ പ്രവർത്തനത്തിൽ ചില ഉദ്യോഗസ്ഥർക്ക് കല്ലുകടിയുണ്ട്. പുല്ലിപ്പല്ല് വിവാദത്തിൽ വേടനെതിരായ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ വേണ്ടാത്ത ഇടപെടലാണ് നടത്തിയത്. സവർണ ബോധമുള്ളവരാണ് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു മധു പറഞ്ഞത്. വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനവാദികളാണെന്നും വളർന്നു വരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമായി അരങ്ങ് വാഴുകയാണെന്നും മധു പറഞ്ഞിരുന്നു. വേടന് പിന്നിൽ ശക്തമായ സ്‌പോൺസർ ശക്തികൾ ഉണ്ട്. അത് സൂക്ഷ്മമായി പഠിച്ചാൽ രാജ്യത്തിന്റെ വിഘടനം സ്വപ്നം കണ്ട് കഴിയുന്ന തമോമയ ശക്തികൾ അയാളുടെ പിന്നിലുണ്ടെന്ന് കൃത്യമാണ്. അത്തരം കലാഭാസങ്ങളെ നാലമ്പലങ്ങളിൽ കടന്നു വരുന്നത്.
വേടന്റെ പാട്ടിന് ആള് കൂടാൻ പാട്ട് വെയ്ക്കുന്നവർ അമ്പല പറമ്പിൽ ക്യാബറയും വെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വേടനെതിരെ ആരോപണങ്ങളുന്നയിച്ച് കലാപത്തിന് ആഹ്വാനം ചെയ്തെന്ന പരാതിയിൽ എൻ ആർ മധുവിനെതിരെ കിഴക്കെ കല്ലട പോലീസ് കേസെടുത്തിരുന്നു.






