ഓണ്‍ലൈന്‍ ഗെയിമുകളെ നിയന്ത്രിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ശരിവെച്ച് മദ്രാസ് ഹൈക്കോടതി. ഗെയിമുകളില്‍ രാത്രി 12 നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ ലോഗിന്‍ പാടില്ലെന്നും രാത്രികാലങ്ങളിലെ പണം വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിനുള്ള നിയന്ത്രണവും ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് എസ്എം സുബ്രമണ്യം, ജസ്റ്റിസ് കെ. രാജശേഖര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 18 വയസിൽ താഴെയുള്ളവർക്ക് പണം വെച്ചുള്ള ഓണ്‍ലൈൻ ഗെയിമുകള്‍ക്ക് നിയന്ത്രണം തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
രാത്രി 12നും പുലർച്ചെ അഞ്ചിനും ഇടയിൽ ലോഗിൻ പാടില്ലെന്നും കെവൈസി നിർബന്ധം ആക്കിയതിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. പണം വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകളില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള കെവൈസി വെരിഫിക്കേഷനും നിയമം നിര്‍ബന്ധമാക്കുന്നുണ്ട്. പണം വച്ചുള്ള റമ്മി അടക്കം ഓൺലൈൻ ഗെയിമുകളിപ്പെട്ട് ആത്മഹത്യകൾ വർധിച്ചതോടെയാണ് സർക്കാർ നിയന്ത്രണം കൊണ്ടുവന്നത്. ബില്ലിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചത് വിവാദമായിരുന്നു. ഓൺലൈൻ ഗെയിമുകൾ മാത്രം രാത്രി നിരോധിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നായിരുന്നു കമ്പനികളുടെ വാദം. എന്നാൽ വ്യക്തി സ്വാതന്ത്രത്തിനു പരിധിയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
Content: Madras High Court upholds order to continue online gaming restrictions






