മുംബൈ: ബേബി ഫോർമുല ഉത്പന്നങ്ങളുടെ വിൽപ്പനയിലും പരസ്യത്തിലും നിയന്ത്രണങ്ങൾ കർശനമാക്കി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ). ഉത്പന്നങ്ങളുടെ പാക്കറ്റിൽ അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം ഉപയോഗിക്കരുതെന്നും മുലപ്പാലാണ് കുഞ്ഞിന് ഏറ്റവും ഉത്തമമെന്ന സന്ദേശം നിർബന്ധമായും ഉൾപ്പെടുത്തണമെന്നും എഫ്ഡിഎ നിർദേശിച്ചു.
നവജാത ശിശുക്കൾക്കായുള്ള ഫോർമുല ഉത്പന്നങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ വിൽക്കുകയോ സൗജന്യമായി വിതരണം ചെയ്യുകയോ ചെയ്യരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. മുലപ്പാലിന്റെ പ്രാധാന്യം കൂടുതൽ ജനങ്ങളിലെത്തിക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് മഹാരാഷ്ട്ര എഫ്ഡിഎ കമ്മീഷണർ തുക്കാറാം മുണ്ടെ പറഞ്ഞു.
കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുന്ന പ്രവണത കുറഞ്ഞുവരുന്നതായി വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബേബി ഫോർമുല ഉത്പന്നങ്ങളുടെ വിപണനവും പ്രചാരണവും മുലപ്പാൽ നൽകുന്നതിനെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് പുതിയ നിർദേശങ്ങളെന്ന് എഫ്ഡിഎ അറിയിച്ചു.



