പട്‌ന: അനധികൃത സ്വത്തുസമ്പാദന കേസിൽ ബിഹാറിലെ ഉദ്യോഗസ്ഥ ദമ്പതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും വിജിലൻസ് റെയ്ഡ്. റെയ്ഡിൽ ഒരു കോടിയിലേറെ രൂപ പണമായും സ്വർണം, വെള്ളി ആഭരണങ്ങൾ, വിലകൂടിയ വാച്ചുകൾ, സ്വത്ത് രേഖകൾ എന്നിവയും കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു. പട്‌ന അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് (സപ്ലൈ) രവീന്ദ്ര കുമാർ ദിവാകറുടെയും ഭാര്യയും ദാനാപ്പുർ ഡിസ്ട്രിക്ട് സബ് രജിസ്ട്രാറുമായ കുമാരി സ്വീറ്റിയുടെയും വീടുകളിലാണ് തിങ്കളാഴ്ച പരിശോധന നടന്നത്.
പട്‌നയിലും ബെഗുസരായിലുമുള്ള വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം വിജിലൻസ് സംഘം റെയ്ഡ് നടത്തി. പട്‌നയിലെ വസതിയിൽ നിന്ന് 70 ലക്ഷം രൂപയും ഏകദേശം ആറ് ലക്ഷം രൂപ വിലമതിക്കുന്ന 48 വിലകൂടിയ വാച്ചുകളും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ബെഗുസരായിലെ തറവാട്ടുവീട്ടിൽ നിന്ന് ഒമ്പത് ലക്ഷം രൂപയും സ്വർണം, വെള്ളി ആഭരണങ്ങളും കണ്ടെത്തി.
ഭൂമി, ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും പരിശോധനയിൽ പിടിച്ചെടുത്തു. പണം എണ്ണുന്നതിനായി കൗണ്ടിങ് മെഷീനുകളും സ്ഥലത്തെത്തിച്ചിരുന്നു.
വിജിലൻസ് വകുപ്പ് ഡിഐജിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത പണത്തിന്റെയും ആഭരണങ്ങളുടെയും കൃത്യമായ മൂല്യം വിശദമായ പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂ. സംഭവത്തിൽ വിജിലൻസ് അന്വേഷണം തുടരുകയാണ്.


