കോട്ടയം: കുര്ും ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്റ്റാർ ഫ്ലൈവുഡ് ഫാക്ടറിയിൽ വെള്ളിയാഴ്ച പകൽ മൂന്ന് മണിയോടെ ഉണ്ടായ വൻ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ഏകദേശം 75 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.
ഫാക്ടറി പ്രവർത്തനസജ്ജമായിരുന്ന സമയത്ത് ഇലക്ട്രിക് ഉപകരണങ്ങളിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻതന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിലും തീ അതിവേഗം ആളിപ്പടരുകയായിരുന്നു. ഫ്ലൈവുഡിന്റെ അവസാനഘട്ട ഉൽപാദനം നടക്കുന്ന മെഷീനിൽ നിന്നാണ് തീ പടർന്നത്. മെഷീനറികളിൽ നിന്ന് ഉയർന്ന കനത്ത പുക കാരണം ഫാക്ടറിക്കുള്ളിൽ കാഴ്ച മങ്ങിയത് ജീവനക്കാർ പുറത്തേക്ക് രക്ഷപ്പെടാൻ വൈകുന്നതിനും പരിഭ്രാന്തി പരത്തുന്നതിനും കാരണമായി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കടുത്തുരുത്തി ഫയർ ഫോഴ്സിന്റെ ഒരു യൂണിറ്റ് ആദ്യം തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല. തുടർന്ന് രണ്ടാമത്തെ യൂണിറ്റ് കൂടി എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണച്ചത്. പകൽ സമയത്തായതിനാൽ ജീവനക്കാർക്ക് വേഗത്തിൽ മാറാൻ സാധിച്ചതും വലിയ ദുരന്തം ഒഴിവാക്കി. ആർക്കും പരിക്കുകളില്ലെങ്കിലും ഫാക്ടറിയിലെ വിലപിടിപ്പുള്ള മെഷീനറികളും അസംസ്‌കൃത വസ്തുക്കളും അഗ്നിക്കിരയായിട്ടുണ്ട്.






