തിരുവനന്തപുരം: ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനകാലം കഴിയുംവരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുനഃസംഘടന വേണ്ടെന്ന ധാരണയില്‍ സര്‍ക്കാര്‍. പ്രശാന്ത് പ്രസിഡന്റായ ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടിയേക്കും.
നവംബര്‍ പത്തിനാണ് കാലാവധി അവസാനിക്കുന്നത്. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഉടന്‍ തന്നെ പുറത്തിറക്കും.
മണ്ഡല, മകരവിളക്ക് തീര്‍ഥാടനം 16ന് ആരംഭിക്കാനിരിക്കെ തിരക്കിട്ടു ഭരണസമിതിയെ മാറ്റുന്നത് മുന്നൊരുക്കങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍.
കഴിഞ്ഞ വര്‍ഷം പരാതികള്‍ ഇല്ലാതെ മികച്ച രീതിയില്‍ തീര്‍ഥാടനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
ശബരിമല സ്വര്‍ണക്കവര്‍ച്ചയുടെ ഹൈക്കോടതി വിധിയില്‍ പരാമര്‍ശമുണ്ടായ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ നീക്കണമെന്നു കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.
വിവാദം നിലനില്‍ക്കുമ്പോള്‍ പ്രസിഡന്റിനെ മാറ്റുന്നതു ഗുണകരമാകില്ലെന്ന നിലപാടിലാണ് സിപിഎം. അങ്ങനെ ചെയ്താല്‍ കുറ്റം സമ്മതിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുമെന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം അത് ആയുധമാക്കുമെന്ന വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാലാവധി നീട്ടുന്നതാവും ഉചിതമെന്ന തീരുമാനത്തിലേക്ക് എത്തിയത്.

