കായംകുളം : ചെങ്കടലില്‍ ഹൂതി വിമതര്‍ ആക്രമിച്ച് തകര്‍ത്ത കപ്പലില്‍നിന്ന് കാണാതായ മലയാളി യെമനില്‍ സുരക്ഷിതന്‍. കായംകുളം സ്വദേശി അനില്‍കുമാര്‍ യെമനില്‍ നിന്ന്് ഭാര്യ ശ്രീജയെ ഫോണില്‍ വിളിച്ചു. താന്‍ യെമനിലുണ്ടെന്നും ഉടന്‍ എത്താനാകുമെന്ന് പ്രതീക്ഷയെന്നും ശ്രീജയോട് പറഞ്ഞു. ഈ മാസം 7നാണ് ഗ്രനേഡ് ആക്രമണത്തില്‍ കപ്പല്‍ മുങ്ങി സെക്യൂരിറ്റി ഓഫിസറായ അനില്‍കുമാറടക്കം 11 പേരെ കാണാതായത്.
അനില്‍കുമാര്‍ യെമനിലുണ്ടെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ സ്ഥിരീകരിച്ചെങ്കിലും യെമന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണോ അതോ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണോ എന്നു വ്യക്തമല്ല. അനിലിന്റെ ഫോണ്‍വിളി വന്ന വിവരം ശ്രീജ എംബസി അധികൃതരെ അറിയിച്ചു. യെമനില്‍നിന്ന് വിളിച്ച ഫോണ്‍ നമ്പറും കൈമാറിയിട്ടുണ്ട്.
നിലവില്‍ യെമനില്‍ ഇന്ത്യയ്ക്ക് എംബസിയില്ലാത്തതിനാല്‍ സൗദിയിലെ എംബസിക്കാണ് ചുമതല. ഇരു രാജ്യങ്ങളിലും ഇന്നലെ അവധി ദിനമായിരുന്നതിനാല്‍ അനില്‍കുമാറിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഇന്നു വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും കാര്‍ത്തികപ്പള്ളി തഹസില്‍ദാറും വീട്ടിലെത്തി അനിലിന്റെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
25 പേരാണ് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്നത്. മൂന്നുപേര്‍ ആക്രമണത്തിനിടെ മരിച്ചു. ഒരാള്‍ക്ക് മാരകമായി മുറിവേറ്റു. 21 പേര് കടലില്‍ച്ചാടി. ഇതില്‍ തിരുവനന്തപുരം പാറശാല സ്വദേശി അഗസ്റ്റിന് ഉള്‍പ്പെടെ 10 പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചു.






