കോഴിക്കോട്: കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയുടെ തിരോധാന കേസ് അന്വേഷണത്തില്‍ ലോക്കല്‍ പോലീസിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലുള്‍പ്പെടെ അന്വേഷണസംഘം വീഴ്ച വരുത്തിയെന്നാണ് നര്‍ക്കോട്ടിക് എ സി പി, ഉത്തരമേഖലാ ഐജിക്ക് നല്‍കിയറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
നടക്കാവ് സ്റ്റേഷനിലെ നാലു പൊലീസുകാര്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
മാമിയുടെ തിരോധാന കേസ് ആദ്യം അന്വേഷിച്ചത് നടക്കാവ് പോലീസായിരുന്നു. ഈ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് ക്രൈംബ്രാഞ്ച് എ ഡി ജി പി നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലും പ്രാഥമിക തെളിവു ശേഖരണത്തിലും വീഴ്ചയുണ്ടായെന്നായിരുന്നു ക്രൈം ബ്രാഞ്ച് എഡിജിപിയുടെ കണ്ടെത്തല്‍ .
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരമേഖലാ ഐ ജി രാജ്പാല്‍ മീണ വകുപ്പ് തല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
കോഴിക്കോട് നാര്‍ക്കോട്ടിക് എസിപിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നടക്കാവ് മുന്‍ എസ് എച്ച് ഓ പി കെ ജിജീഷ്,എസ് ഐ ബിനു മോഹന്‍,സീനിയര്‍ സി പി ഓമാരായ കെ കെ ബിജു, ശ്രീകാന്ത് എന്നിവര്‍ക്ക് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ഐജിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മാമിയെ കാണാതായ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലും, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുന്നതിലും അന്വേഷണ സംഘത്തിന് വീഴ്ചയുണ്ടായി. ഇത് തുടരന്വേഷണത്തിന് തിരിച്ചടി ആയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആരോപണ വിധേയരായ 4 പേരുടെ വിശദീകരണം പരിശോധിച്ചശേഷമാകും തുടര്‍ നടപടി. പ്രാഥമിക അന്വേഷണത്തില്‍ അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് മാമിയുടെ കുടുംബവും നേരത്ത ആരോപിച്ചിരുന്നു. 2023 ഓഗസ്റ്റ് 21നാണ് മാമിയെ കാണാതായത്. ഒന്നരവര്‍ഷം പിന്നിട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.






