അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റസ്ലിംഗ് പശ്ചാത്തലത്തിൽ
നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ‘ചത്ത പച്ച’ ചിത്രത്തിൽ സുപ്രധാന കഥാപാത്രമായി മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നു.
ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നുണ്ടങ്കിലും റസ്ലിംഗ് കോച്ചായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്ന
തെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രത്തിൻ്റെ കഥാഗതിയിൽ അതിനിർണ്ണായകമായ ഒരു ഘട്ടത്തിലാണ് ഈ കഥാപാത്രത്തിൻ്റെ കടന്നുവരവ് എന്നാണു സൂചന.
ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. അതിഥി വേഷമാണെന്ന് ചില വാർത്താ മാധ്യമങ്ങളിൽ വാർത്ത വരുന്നുണ്ടങ്കിലും അഞ്ചു ദിവസത്തോളം അഭിനയിക്കേണ്ട സുപ്രധാനമായ കഥാപാത്രമാണ് മമ്മൂട്ടിയുടേത്. ഹൈദ്രാബാദിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഭാഗമായ മമ്മൂട്ടി അവിടുത്തെ ഭാഗങ്ങൾ പൂർത്തിയാക്കി ദുബായിലേക്കാണ് പോയത്.
ദുബായിൽ നിന്നും നേരെ യു.കെ.യിലേക്കു പോകുന്ന മമ്മൂട്ടി അവിടെ മഹേഷ് നാരായണൻ ചിത്രത്തിൽ വീണ്ടും ഭാഗമാകും. അതിനു ശേഷം കേരളത്തിലെത്തുന്ന മമ്മൂട്ടി ആദ്യം ‘ചത്ത പച്ച’യിൽ അഭിനയിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഈ ചിത്രത്തിൻ്റെ മറ്റു ഭാഗങ്ങൾ മുഴുവനും പൂർത്തിയാക്കിയിരുന്നു. മമ്മുട്ടി അഭിനയിക്കുന്ന ഭാഗങ്ങളോടെ ചത്താ പച്ചയുടെ ചിത്രീകരണം പൂർത്തിയാകും. റീൽ വേൾഡ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷിഹാൻ ഷൗക്കത്ത്, റിധേഷ് രാമകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.






