Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എല്ലാം നടക്കുമെന്ന ഉറപ്പ് പാലിച്ച് മമ്മൂട്ടി; കൃത്രിമക്കാലിൽ നടന്ന് സന്ധ്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് സംശയിച്ച സന്ധ്യയോട് മമ്മൂട്ടിയുടെ സ്നേഹാന്വേഷണം: ‘ഇപ്പോൾ എങ്ങനെ ഉണ്ട്?’. നീറുന്ന മുറിവുകൾ സമ്മാനിച്ച മണ്ണിടിച്ചിലിന്റെ വേദനയെ അല്പനേരത്തേക്കെങ്കിലും മറന്ന് കൃത്രിമക്കാലിൽ എഴുന്നേറ്റുനിന്ന് സന്ധ്യ പറഞ്ഞു: ‘നടന്നു തുടങ്ങി’. പിന്നെ മമ്മൂട്ടി സന്ധ്യയുടെ കൈപിടിച്ചു. ആ മനസ്സിലെ നീറ്റൽ തിരിച്ചറിഞ്ഞ് മമ്മൂട്ടി പറഞ്ഞു: ‘ഇനി വീടിന്റേയും സ്ഥലത്തിന്റേയും കാര്യമല്ലേ..അതും നടക്കും…ഉറപ്പ്..’ സന്ധ്യയുടെ മുഖത്ത് ആശ്വാസത്തിന്റെ തെളിച്ചം.

കഴിഞ്ഞവർഷം ഒക്ടോബർ 25ന് അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ് കാൽ നഷ്ടപ്പെട്ട സന്ധ്യയ്ക്ക് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സ ഏർപ്പാടാക്കിയതും കൃത്രിമക്കാൽ വെക്കുന്നതിന് വേണ്ട സഹായം ചെയ്തതും മമ്മൂട്ടി ആയിരുന്നു. ചികിത്സയ്ക്കും കൃത്രിമക്കാലിനുമായി 20ലക്ഷം രൂപയോളമാണ് വേണ്ടിവന്നത്. മമ്മൂട്ടിയുടെ ജീവകാരുണ്യപ്രസ്ഥാനമായ കെയർ ആൻഡ് ഷെയറും രാജഗിരി ആശുപത്രിയും ചേർന്ന് പൂർണമായും സൗജന്യമായാണ് സന്ധ്യയ്ക്ക് ചികിത്സയും കൃത്രിമക്കാലും നല്കിയത്.

കൃത്രിമക്കാൽ വെച്ചതിന് ശേഷം ആദ്യമായി ഡോക്ടറെ കാണാൻ രാജഗിരിയിൽ എത്തിയതായിരുന്നു സന്ധ്യ. മമ്മൂട്ടിയെ നേരിൽ കണ്ട് നന്ദി പറയണമെന്ന സന്ധ്യയുടെ ആഗ്രഹം രാജഗിരി ആശുപത്രി അധികൃതരാണ് കെയർ ആൻഡ് ഷെയർ ഭാരവാഹികളെ അറിയിച്ചത്. ഷൂട്ടിങ് ആവശ്യത്തിന് കൊച്ചിയിൽ ആയിരുന്ന മമ്മൂട്ടി തിരക്കുകൾ മാറ്റിവെച്ച് സന്ധ്യയെ കാണാനെത്തി. ചികിത്സയുടെ വിവരങ്ങളും ആരോഗ്യസ്ഥിതിയുമെല്ലാം വിശദമായി ചോദിച്ചു മനസ്സിലാക്കിയ മമ്മൂട്ടി സാരിയും, ചെടിയും സമ്മാനിച്ചാണ് സന്ധ്യയെ യാത്രയാക്കിയത്.

മണ്ണിടിച്ചിൽ സർവ്വവും നഷ്ടമായ സന്ധ്യക്ക് സ്ഥലവും വീടും നല്കുന്നതിനുള്ള നടപടികൾ ഉടൻ എടുക്കാമെന്നും ഉറപ്പുനല്കി. രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.ജിജി കുരുട്ടുകുളം, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർമാരായ ജോർജ് സെബാസ്റ്റ്യൻ, റോബർട്ട് കുര്യാക്കോസ്, സന്ധ്യയുടെ സഹോദരൻ സന്ദീപ് എന്നിവരും കൂടെ ഉണ്ടായിരുന്നു.

രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വീഡിയോ കോളിൽ സന്ധ്യയുമായി മമ്മൂട്ടി സംസാരിച്ചിരുന്നു. തുടർന്നാണ് കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി കൃത്രിമ കാൽ വെക്കുന്നതിന് വേണ്ട സഹായം നൽകാൻ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരന് മമ്മൂട്ടി നിർദ്ദേശം നല്കിയത്.

ജനുവരി 31ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി സന്ധ്യക്ക് കൃത്രിമക്കാൽ വെച്ചു. രാജഗിരി ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. ജിജി രാജ് കുളങ്ങര, സീനിയർ കൺസൾട്ടന്റ് ഡോ. ഗെലി ഇറ്റെ, ഡോ. പ്രവീൺ എ.ജെ, ഫിസിയോതെറാപ്പി വിഭാഗത്തിലെ ഡോ. വിജയൻ ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരുടെ വിദഗ്ധ ചികിത്സയിലാണ് സന്ധ്യ വീണ്ടും ചുവടുകൾ വെച്ചുതുടങ്ങിയത്.

മണ്ണിടിച്ചിലിൽ സന്ധ്യയുടെ ഭർത്താവ് ബിജുവിന് ജീവൻ നഷ്ടമായിരുന്നു. തകർന്ന വീട്ടിൽ മണിക്കൂറുകളോളം സന്ധ്യ കുടുങ്ങിക്കിടന്നു. രാജഗിരി ആശുപത്രിയിൽ എത്തിക്കുമ്പോൾ ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും തടസ്സപ്പെടുകയും അസ്ഥികൾ പലയിടങ്ങളിലായി ഒടിഞ്ഞ് മസിലുകളും കോശങ്ങളും ചതഞ്ഞരഞ്ഞ നിലയിലുമായിരുന്നു.

എട്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ രക്തയോട്ടം പൂർവ്വസ്ഥിതിയിലാക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞെങ്കിലും, ചതഞ്ഞരഞ്ഞ മസിലുകളും കോശങ്ങളും പുറപ്പെടുവിച്ച വിഷാംശം വർദ്ധിച്ച് ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയിലാണ് സന്ധ്യയുടെ ഇടത്തേക്കാൽ മുട്ടിന് മുകളിൽ വച്ച് നീക്കം ചെയ്യേണ്ടതായി വന്നത്. കാൻസർ രോഗത്തെ തുടർന്ന് കഴിഞ്ഞ വർഷം മകനും മരിച്ചതിനാൽ, നഴ്സിങ് വിദ്യാർഥിനിയായ മകൾ മാത്രമാണ് സന്ധ്യയ്ക്ക് ഇനിയുള്ള തുണ. കൃത്രിമക്കാലിലൂടെ പരമാവധി വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് സന്ധ്യ മടങ്ങിയത്.

സന്ധ്യയുടെ അതിജീവനത്തിന് കരുത്തേകാൻ നൽകിയിരിക്കുന്നത് അത്യാധുനിക സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഹൈഡ്രോളിക് ആംഗിൾ ഫൂട്ടാണ്. അംഗപരിമിതർക്ക് കൂടുതൽ സ്വാഭാവികമായ നടത്തം സാധ്യമാക്കുന്ന കാർബൺ ഫൈബർ നിർമ്മിത പാദം സ്വാഭാവിക ചലനം സാധ്യമാക്കുന്നു. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഹൈട്രോളിക് സംവിധാനം നടക്കുമ്പോൾ മുട്ടിന്റെ ചലനം സുഗമമാക്കുന്നതിനോടൊപ്പം, നിരപ്പല്ലാത്ത സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ പോലും ശരീരത്തിന്റെ ബാലൻസ് കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു. കൃത്രിമക്കാലിന് മാത്രമായി ഏഴര ലക്ഷത്തോളം രൂപയാണ് ചിലവായത്.

ഫോട്ടോനോട്ട് : അടിമാലി മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യ ബിജു കൃത്രിമക്കാലിൽ നടൻ മമ്മൂട്ടിയെ കാണാൻ എത്തിയപ്പോൾ. രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.ജിജി കുരുട്ടുകുളം, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, കെയർ ആൻഡ് ഷെയർ ഡയറക്ടർമാരായ ജോർജ് സെബാസ്റ്റ്യൻ, റോബർട്ട് കുര്യാക്കോസ്, സന്ധ്യയുടെ സഹോദരൻ സന്ദീപ് എന്നിവർ സമീപം.

Recent News

Advertisement
WhiteswanTV Footer