ആലപ്പുഴ: രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ചികിത്സാപിഴവിനെ തുടർന്ന് ഡോ. ജെ ഷാഹിദക്കെതിരെ കേസ് എടുക്കാൻ നടപടി ആരംഭിച്ചു. ശസ്ത്രക്രിയ നിർവഹിച്ചത് ഡോ. ഷാഹിദയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഡോ. ഉഷ ജോസഫിന്റെ ചികിത്സാരേഖകൾ പൊലീസ് ശേഖരിച്ചു. ശസ്ത്രക്രിയ സംഘത്തിൽ ഒമ്പത് പേർ ഉണ്ടായിരുന്നുവെന്നതും വ്യക്തമാകുകയും, ഇവരുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നും അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഡിഎംഒയ്ക്ക് അപേക്ഷ സമർപ്പിക്കും. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഏഴ് സെന്റിമീറ്റർ നീളമുള്ള കത്രിക ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും. കത്രികയുടെ കാലപ്പഴക്കം നിർണയിക്കുന്നത് കേസിൽ നിർണായകമാണെന്നാണ് വിലയിരുത്തൽ. ഇപ്പോൾ ഉഷയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുകയാണ്.




