മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതിനെ തുടർന്ന് രാജ്യത്ത് ഇന്ധനവില നിയന്ത്രിച്ച് നിർത്താൻ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾക്ക് സർക്കാർ 1.23 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പിന്തുണ നൽകിയതായി റിപ്പോർട്ട്. അതേസമയം, രാസവള സബ്സിഡിക്കായി ബജറ്റിൽ അനുവദിച്ച തുകയേക്കാൾ ഇരട്ടിയോളം തുക കൂടി അനുവദിക്കണമെന്ന ആവശ്യവും വളം മന്ത്രാലയം മുന്നോട്ടുവച്ചിട്ടുണ്ട്.
ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ ആക്രമണങ്ങൾക്ക് പിന്നാലെ ആഗോള വിപണിയിൽ ഉണ്ടായ മാറ്റങ്ങൾ ഇന്ത്യയുടെ ഇറക്കുമതി ചെലവിൽ വലിയ സ്വാധീനം ചെലുത്തിയതിന്റെ സൂചനയാണ് ഈ കണക്കുകൾ നൽകുന്നത്.
പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനാൽ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പ്രതിദിനം ഏകദേശം 650 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായാണ് സർക്കാർ വിലയിരുത്തൽ. പിന്നീട് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞതോടെ നഷ്ടത്തിൽ കുറവുണ്ടായെങ്കിലും കമ്പനികളുടെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാർ സഹായം ആവശ്യമായി വന്നിട്ടുണ്ട്.
മേയ് 15ന് ശേഷം പെട്രോളിന്റെയും ഡീസലിന്റെയും വില നാലുതവണ വർധിപ്പിച്ചിരുന്നു. ഇതിനുമുമ്പ് മാർച്ച് 27ന് കേന്ദ്ര സർക്കാർ എക്സൈസ് തീരുവയിൽ ലിറ്ററിന് 10 രൂപയുടെ ഇളവും പ്രഖ്യാപിച്ചിരുന്നു.
അതേസമയം, രാസവള സബ്സിഡിക്കായി 3.4 ലക്ഷം കോടി രൂപ അനുവദിക്കണമെന്നാണ് വളം മന്ത്രാലയത്തിന്റെ ആവശ്യം. നിലവിലെ ബജറ്റിൽ ഇതിനായി 1.71 ലക്ഷം കോടി രൂപ മാത്രമാണ് നീക്കിവെച്ചിരുന്നത്. ആഗോള സാഹചര്യങ്ങൾ മൂലം ചെലവ് വർധിച്ചതിനെ തുടർന്നാണ് അധിക ധനസഹായം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം നിലവിൽ ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
ഇതിനിടെ, ഇന്ത്യയിലേക്കുള്ള രാസവള വിതരണം ചൈന പുനരാരംഭിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.




