കുവൈത്ത് സിറ്റി: പുതിയ ബിസിനസ് പദ്ധതിയുടെ പേരിൽ കുവൈത്ത് പൗരനിൽ നിന്ന് ഏകദേശം 7,500 ദിനാർ തട്ടിയെടുത്തെന്ന പരാതിയിൽ ഇറാനിയൻ പ്രവാസിക്കെതിരെ കേസ്. ക്യാപിറ്റൽ ഗവർണറേറ്റിലെ ശർഖ് പൊലീസ് സ്റ്റേഷനിലാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്.
സുരക്ഷാ വൃത്തങ്ങളുടെ വിവരമനുസരിച്ച്, ക്യാപിറ്റൽ ഗവർണറേറ്റിൽ സംയുക്തമായി ഒരു പദ്ധതി നടപ്പാക്കുന്നതിനായി കുവൈത്ത് പൗരനും ഇറാനിയൻ പൗരനും തമ്മിൽ കരാറുണ്ടാക്കിയിരുന്നു. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിലെ മുൻകൂർ തുകയായി കുവൈത്ത് പൗരൻ ഏകദേശം 7,500 ദിനാർ ഇറാനിയൻ പൗരന് കൈമാറി. നിർമ്മാണ പുരോഗതിക്കനുസരിച്ച് ബാക്കി തുക നൽകാനായിരുന്നു ധാരണ.
എന്നാൽ പണം കൈപ്പറ്റിയതിന് പിന്നാലെ പ്രതി ഒളിവിൽ പോകുകയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. തുടർന്ന് പ്രതിയുമായി ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് കുവൈത്ത് പൗരൻ പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്തുന്നതിനും സംഭവത്തിന്റെ യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിനുമായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.












