തിരുവനന്തപുരം: വിമാനയാത്രാ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണച്ച് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർ വിമാനത്തിലും ഹെലികോപ്റ്ററിലും യാത്ര ചെയ്യാറുണ്ടെന്നും ഇതിനെ എന്തിനാണ് ഇത്ര വലിയ വിവാദമാക്കുന്നതെന്നും തരൂർ ചോദിച്ചു. യാത്രയ്ക്കായി സർക്കാരോ പാർട്ടിയോ പണം ചെലവഴിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു മുഖ്യമന്ത്രിക്ക് പ്രത്യേക സൗകര്യങ്ങളൊന്നും സാധാരണയായി നൽകാറില്ലെന്നും ആവശ്യസമയത്ത് പെട്ടെന്ന് സൗകര്യം ഒരുക്കിയാൽ അതിനെതിരെ പരാതി ഉയർത്തുന്നത് അന്യായമാണെന്നും തരൂർ പറഞ്ഞു. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി എല്ലാവർക്കും അറിയാവുന്നതാണ്. അതിനാൽ ഇല്ലാത്ത പണം ചെലവഴിക്കേണ്ടതില്ലെന്ന ചിന്ത മുഖ്യമന്ത്രിക്ക് ഉണ്ടായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാക്കി കാര്യങ്ങൾ മുഖ്യമന്ത്രിയോട് തന്നെ ചോദിക്കുന്നതാണ് ഉചിതമെന്നും വിഷയത്തിൽ ഇനി കൂടുതൽ ചർച്ചയുടെ ആവശ്യമില്ലെന്നുമാണ് തന്റെ അഭിപ്രായമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.












