കോഴിക്കോട്: വാർധക്യ പെൻഷൻ വാങ്ങി മടങ്ങിയ വയോധികനെ സഹായിക്കാനെന്ന പേരിൽ സമീപിച്ച് പണവും രേഖകളും അടങ്ങിയ പഴ്‌സ് കവർന്ന സംഭവത്തിൽ സ്ഥിരം കുറ്റവാളി അറസ്റ്റിൽ. ബേപ്പൂർ ഗോതീശ്വരം കല്ലിങ്ങൽ സ്വദേശി കോട്ടപ്പുറം കുഞ്ഞികണ്ടി പറമ്പ് വീട്ടിൽ രതീഷ് (45)നെയാണ് ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചക്കുംകടവ് നദീനഗർ സ്വദേശി അഭയകുമാർ ബേപ്പൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വാർധക്യ പെൻഷൻ വാങ്ങി താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് മടങ്ങുന്നതിനിടെ റോഡരികിൽ കാൽതെറ്റി വീണു.
ഇതിനിടെ സഹായിക്കാനെന്ന പേരിൽ രതീഷ് സമീപിക്കുകയും ഫ്‌ളാറ്റിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് ഒപ്പം പോകുകയും ചെയ്തു. എന്നാൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ വയോധികനെ തള്ളിയിട്ട് 4000 രൂപയും രേഖകളടങ്ങിയ പഴ്‌സും കവർന്നു കടന്നുകളയുകയായിരുന്നു. വയോധികൻ നൽകിയ പരാതിയിൽ ബേപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് ബേപ്പൂർ പരിസരത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിക്കെതിരെ ബേപ്പൂർ, മാറാട്, നല്ലളം പൊലീസ് സ്റ്റേഷനുകളിൽ മദ്യം കൈവശം വെച്ചത്, പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കിയത്, ആക്രമണം, പൊതുസ്ഥലത്ത് മദ്യപാനം തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.













