കോഴിക്കോട്: മലബാർ മേഖലയിൽ ഈ മാസം 15 മുതൽ ബീഫ് വില വർധിക്കും. ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗത്തിലാണ് വില വർധിപ്പിക്കാനുള്ള തീരുമാനം എടുത്തത്.
പുതുക്കിയ നിരക്കനുസരിച്ച് എല്ലുള്ള ബീഫ് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്തത് കിലോയ്ക്ക് 460 രൂപയുമാകും. നിലവിൽ എല്ലുള്ളത് 340 രൂപയും എല്ലില്ലാത്തത് 360 രൂപയുമാണ് വില.
കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും കന്നുകാലികളുടെ വില ഉയർന്നതും, തുകൽ, എല്ല്, നെയ്യ് തുടങ്ങിയ ഉപോത്പന്നങ്ങളുടെ വില ഇടിഞ്ഞതുമാണ് ഇറച്ചിവില ഉയരാൻ കാരണമെന്നാണ് വ്യാപാരികളുടെ വിശദീകരണം. മറ്റ് ജില്ലകളിലും സാഹചര്യങ്ങൾ അനുസരിച്ച് വില വർധിക്കുമെന്നും സൂചനയുണ്ട്.
നിലവിൽ തെക്കൻ ജില്ലകളിൽ ബീഫ് കിലോയ്ക്ക് 520 മുതൽ 600 രൂപ വരെയായാണ് ചില സ്ഥലങ്ങളിൽ വിൽപ്പന നടക്കുന്നത്.
അതേസമയം, ട്രോളിംഗ് നിരോധനവും തുടർച്ചയായ മഴയും മത്സ്യലഭ്യതയെ ബാധിച്ചതോടെ മീൻവിലയും കുത്തനെ ഉയർന്നിട്ടുണ്ട്. മത്തി കിലോയ്ക്ക് ഏകദേശം 600 രൂപ വരെയാണ് നിലവിലെ വില. ചെറുവള്ളങ്ങൾ കടലിലിറങ്ങുന്നത് കുറഞ്ഞതും വിലവർധനയ്ക്ക് കാരണമായതായി വ്യാപാരികൾ പറയുന്നു.






