തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ കീപ്പർ നിയമനവുമായി ബന്ധപ്പെട്ട വ്യാജ നിയമന പരാതിയിൽ വിജിലൻസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. നിയമനത്തിൽ ക്രമക്കേട് നടന്നതായി തെളിയിക്കുന്ന വിവരാവകാശ രേഖകളും മറ്റ് രേഖകളും പരാതിക്കാരൻ വിജിലൻസിന് കൈമാറി.
പരാതി പ്രകാരം, എൻജിഒ യൂണിയൻ നേതാവ് രാമചന്ദ്രനും രാജേഷും വ്യാജ രേഖകൾ സമർപ്പിച്ചാണ് കീപ്പർ തസ്തികയിൽ ജോലി നേടിയതെന്നാണ് ആരോപണം. മൃഗശാലകളിലെ കീപ്പർ നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് നടക്കുന്നത്. എന്നാൽ ഇരുവരും വ്യാജ രേഖകൾ ഉപയോഗിച്ച് കുട്ടനാട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നേടിയെന്നാണ് പരാതിയിൽ പറയുന്നത്.
‘ഔവർ മ്യൂസിയം’ എന്ന പേരിലുള്ള ഇല്ലാത്ത സ്ഥാപനത്തിന്റെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും സമർപ്പിച്ചതായി ആരോപണമുണ്ട്. ഇതുസംബന്ധിച്ച രേഖകളും വിജിലൻസിന് കൈമാറിയിട്ടുണ്ട്. മൃഗശാലയിലെ കീപ്പർ നിയമനത്തിൽ ക്രമക്കേടും കൈക്കൂലി ആവശ്യപ്പെട്ടതുമായ പരാതികൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.



