കൊച്ചി: തൃപ്പൂണിത്തുറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തെക്കുംഭാഗം മോനപ്പിള്ളി സ്വാദേശി അഡ്വ.എബ്രഹാം സാംസണിന്‍റെ മകൻ ബ്ലസൺ എബ്രഹാം സാംസൺ ആണ് മരിച്ചത്. ഇന്നലെ രാത്രി 11:45ഓടെ കണ്ണൻകുളങ്ങര ഫയർ സ്റ്റേഷൻ കവലക്കടുത്തായിരുന്നു അപകടം.
രാത്രി രോഗിയുമായി വന്ന ആംബുലൻസ് പുതിയകാവ് ഭാഗത്ത് വെച്ച് ബ്ലസൺ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം തിരുവല്ലയിലേക്ക് കൊണ്ടുപോകും. ബംഗളൂരുവിലെ ബിഎംഡബ്ല്യു ഷോറൂം ജീവനക്കാരനായ യുവാവ് അവധിക്ക് നാട്ടിൽ വന്നതായിരുന്നു.






