മലപ്പുറം: സദാചാര പോലീസ് ചമഞ്ഞ സംഘത്തിന്റെ മർദനത്തിൽ മങ്കട കൂട്ടിൽ നസീർ ഹുസൈൻ കൊല്ലപ്പെട്ട കേസിൽ അഞ്ച് പ്രതികൾക്ക് ജീവപര്യന്തം തടവ്. മങ്കട കൂട്ടിൽ നായകത്ത് അബ്ദുൽനാസർ, സഹോദരൻ ഷറഫുദ്ദീൻ , പട്ടിക്കുത്ത് മുഹമ്മദ് സുഹൈൽ , പട്ടിക്കുത്ത് അബ്ദുൽഗഫൂർ, പട്ടിക്കുത്ത് സക്കീർ ഹുസൈൻ എന്നിവരെയാണ് മഞ്ചേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.
സ്ത്രീയുടെ സമ്മതത്തോടെ വീട്ടിലെത്തിയ ആളെ അതിക്രമിച്ചുകയറി ആക്രമിച്ച് കൊലപ്പെടുത്തിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. വെള്ളം കൊടുക്കാതെയും ആശുപത്രിയിൽ എത്തിക്കാതെയും ചെയ്ത നടപടി പ്രതികളുടെ കൊലപാതക ഉദ്ദേശം വ്യക്തമാക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആൾക്കൂട്ട കൊലപാതകങ്ങളെ നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
2016 ജൂൺ 28-ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മങ്കട കൂട്ടിലിലെ യുവതിയുടെ വീട്ടിലെത്തിയ നസീറിനെ അനാശാസ്യം ആരോപിച്ച് വടികളും പട്ടികകളും ഉപയോഗിച്ച് സംഘംചേർന്ന് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊല്ലപ്പെട്ട നസീറിന്റെ സഹോദരൻ മുഹമ്മദ് നവാസും വീട്ടുടമയും ഉൾപ്പെടെ 70 സാക്ഷികളുള്ള കേസിൽ 39 പേരെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷൻ 123 രേഖകളും 22 വസ്തുതെളിവുകളും ഹാജരാക്കി.




