അഹമ്മദാബാദ്: ഹിന്ദു വിവാഹ നിയമപ്രകാരം പരമ്പരാഗത വിവാഹച്ചടങ്ങുകളോ ‘സപ്തപദി’ (അഗ്നിയെ ചുറ്റി ഏഴ് പ്രദക്ഷിണം) പോലുള്ള നിർബന്ധ ആചാരങ്ങളോ നടന്നിട്ടില്ലെങ്കിൽ, വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാത്രം ഒരു വിവാഹത്തിന് നിയമസാധുത നൽകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി.
വിവാഹം കേവലം ആഘോഷങ്ങളോ പാട്ടും നൃത്തവും ഭക്ഷണസൽക്കാരവും മാത്രമല്ല, ഇന്ത്യൻ സമൂഹത്തിൽ വലിയ മത-സാംസ്കാരിക പ്രാധാന്യമുള്ള പവിത്ര ചടങ്ങാണെന്നും കോടതി നിരീക്ഷിച്ചു.
യുകെയിൽ താമസിക്കുന്ന കൗശൽ സോനാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. യുവതി ഹാജരാക്കിയ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും, ഇരുവരും തമ്മിൽ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവാവ് കോടതിയെ സമീപിച്ചത്.
ഫാമിലി കോടതിയിൽ യുവതി തന്നെ ആചാരപ്രകാരമുള്ള വിവാഹം നടന്നിട്ടില്ലെന്ന് സമ്മതിച്ചിട്ടും കേസ് തള്ളിയ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 7 പ്രകാരം, സപ്തപദി ഉൾപ്പെടെയുള്ള നിർബന്ധ ആചാരങ്ങൾ പൂർത്തിയാകുമ്പോഴാണ് ഹിന്ദു വിവാഹം നിയമപരമായി സാധുവാകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവിധ പ്രദേശങ്ങളിൽ വിവാഹച്ചടങ്ങുകളിൽ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, ആചാരപരമായ ഘടകങ്ങൾ ഹിന്ദു വിവാഹത്തിന്റെ അടിസ്ഥാന ഘടകമാണെന്നും വിധിയിൽ വ്യക്തമാക്കി.
അതേസമയം, ഹിന്ദു മതത്തിൽപ്പെട്ട രണ്ട് പ്രായപൂർത്തിയായ വ്യക്തികൾക്ക് ആചാരപരമായ ചടങ്ങുകളില്ലാതെ വിവാഹം നിയമപരമായി അംഗീകരിക്കാനാകില്ലെന്ന കോടതി നിരീക്ഷണം സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്കും യുവാക്കൾക്കിടയിൽ വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.













