വയനാട്: വയനാട് പുൽപ്പള്ളി ചേകാടിക്കടുത്തുള്ള ചന്ദ്രോത്ത് ഗോത്ര ഉന്നതിയിലെത്താറുണ്ടായിരുന്ന കാട്ടാന ചെരിഞ്ഞു. ഉന്നതിയിലെ ആളുകളുമായി ഈ കാട്ടാനയ്ക്ക് ഉണ്ടായിരുന്ന സൗഹൃദം നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു.
കാടിന് നടുവിലുള്ള ചന്ദ്രോത്ത് ഗോത്ര ഉന്നതിയിൽ എല്ലാ ദിവസവും ഈ കാട്ടാന എത്താറുണ്ടായിരുന്നു. പതിവായി എത്തുന്ന കാട്ടാനയുമായി അവിടെയുള്ളവർക്ക് നല്ല അടുപ്പമുണ്ടായി. അവർ സ്നേഹത്തോടെ കാട്ടാനയെ ‘ലക്ഷ്മി’ എന്നും ‘ജാനു’ എന്നും വിളിക്കുമായിരുന്നു. പതിവുപോലെ ഇന്ന് കാട്ടാനയെ കാത്തിരുന്നെങ്കിലും എത്തിയില്ല. പിന്നീട് പുൽപ്പള്ളി പാതിരി വനത്തിൽ ഫെൻസിങ്ങിന് സമീപം കാട്ടാനയുടെ ജഡം കണ്ടെത്തി.
പ്രായാധിക്യമാണ് മരണകാരണമെന്ന് വനംവകുപ്പ് പ്രാഥമികമായി വിലയിരുത്തുന്നു. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ചന്ദ്രോത്ത് നിവാസികളും ‘ലക്ഷ്മി’യും തമ്മിലുള്ള ഈ സൗഹൃദം പലർക്കും പ്രതീക്ഷ നൽകിയിരുന്നു. കാട്ടാനയുടെ മരണത്തോടെ ആ അപൂർവ സൗഹൃദത്തിന് വിരാമമായി.




