തിരുവനന്തപുരം: പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്താനോ അതിൽ ക്രമക്കേട് കാട്ടാനോ ആരെയും അനുവദിക്കില്ലെന്നും, ഇത്തരം കാര്യങ്ങളിൽ പാർട്ടി ആർക്കും കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം പ്രതികരിച്ചില്ല. വിഷയത്തിൽ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി.
വാർത്താസമ്മേളനത്തിൽ പയ്യന്നൂർ ഫണ്ട് വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗം ചർച്ച ചെയ്യും. നടപടി വേണോ എന്നത് പാർട്ടി തീരുമാനിക്കും. ജില്ലാ കമ്മിറ്റി തന്നെ അത് തീരുമാനിക്കും. നിലവിൽ ജില്ലാ സെക്രട്ടറിക്ക് എല്ലാ കാര്യങ്ങളും ബോധ്യമുണ്ട്.
ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിയുള്ളവർക്ക് പോലീസിനെ സമീപിക്കാവുന്നതാണ്. എന്നാൽ സംഘടനാപരമായ കാര്യങ്ങളിൽ മാധ്യമങ്ങൾ ഇടപെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ വിഷയം ജില്ലാ കമ്മിറ്റിയുടെ പരിധിയിലാണ്. സംസ്ഥാന കമ്മിറ്റി ഇടപെടേണ്ട സമയം വരുമ്പോൾ അക്കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.






