ക്വലാലംപൂർ: മലേഷ്യയിലെ സബായിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ ആയിരക്കണക്കിന് വീടുകൾ കത്തിനശിച്ചു. വടക്കുകിഴക്കൻ സബായിലെ സന്ദക്കാൻ ജില്ലയിലുള്ള തീരദേശ ഗ്രാമമായ ‘വാട്ടർ വില്ലേജിൽ’ ഞായറാഴ്ച പുലർച്ചെയാണ് ദുരന്തമുണ്ടായത്. ഏകദേശം 1,000-ത്തോളം താൽക്കാലിക വീടുകൾ പൂർണ്ണമായും ചാരമായതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
സബായിലെ ഏറ്റവും ദരിദ്രരും പൗരത്വമില്ലാത്തവരുമായ ജനവിഭാഗങ്ങൾ താമസിച്ചിരുന്ന മരംകൊണ്ടുള്ള വീടുകൾക്കാണ് തീപിടിച്ചത്. വെള്ളത്തിന് മുകളിൽ തൂണുകളിൽ നിർമ്മിച്ച ഈ ഫ്ലോട്ടിങ് വീടുകൾ നിമിഷങ്ങൾക്കുള്ളിൽ കത്തിയമർന്നു. അപകടം 9,007 താമസക്കാരെ നേരിട്ട് ബാധിച്ചതായി സന്ദക്കാൻ പോലീസ് മേധാവി ജോർജ് അബ്ദുൾ റഹ്മാൻ വ്യക്തമാക്കി.
ഞായറാഴ്ച പുലർച്ചെ 1:32-ഓടെയാണ് അഗ്നിശമന സേനയ്ക്ക് വിവരം ലഭിക്കുന്നത്. രണ്ട് സ്റ്റേഷനുകളിൽ നിന്നായി 37 ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തിയെങ്കിലും ഇടുങ്ങിയ പ്രവേശന പാതകൾ കാരണം വാഹനങ്ങൾക്ക് അപകടസ്ഥലത്തേക്ക് എത്താൻ കഴിഞ്ഞില്ല. 10 ഏക്കറോളം വരുന്ന പ്രദേശം പൂർണ്ണമായും അഗ്നിക്കിരയായി. എന്നാൽ, ഇത്രയും വലിയ അപകടത്തിലും ആർക്കും ജീവഹാനി സംഭവിക്കുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.
ദുരന്തബാധിതർക്ക് എത്രയും വേഗം സഹായവും താൽക്കാലിക താമസസൗകര്യവും ലഭ്യമാക്കുമെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അറിയിച്ചു. നിലവിൽ ഇരകളുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും ഫെഡറൽ സർക്കാർ സബാ അധികൃതരുമായി ചേർന്ന് ഏകോപിതമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി



