റിയാദ്: ഔദ്യോഗിക പെർമിറ്റില്ലാതെ ഹജ്ജിനെതുന്നവർക്ക് കടുത്ത ശിക്ഷ പ്രഖ്യാപിച്ച് സൗദി അറേബ്യ. നിയമലംഘകർക്ക് 20,000 റിയാൽ വരെ പിഴയും വിദേശികളാണെങ്കിൽ നാടുകടത്തലുമാണ് പ്രധാന ശിക്ഷകൾ. ഹജ്ജ് സീസൺ സുരക്ഷിതവും സുഗമവുമാക്കുന്നതിെൻറ ഭാഗമായാണ് പുതിയ നിയമങ്ങൾ.
പുതിയ അറിയിപ്പ് പ്രകാരം, ദുൽഖഅദ് ഒന്ന് (ഏപ്രിൽ 18) മുതൽ ദുൽഹിജ്ജ 14 (മെയ് 31) വരെയുള്ള കാലയളവിൽ വിസിറ്റ് വിസകളിൽ രാജ്യത്തെത്തിയവർക്ക് മക്കയിലോ മറ്റ് പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുന്നതിനും തങ്ങുന്നതിനും കർശന വിലക്കുണ്ട്. ഉംറ വിസയിൽ എത്തിയവർക്ക് രാജ്യത്ത് തുടരാവുന്ന അവസാന തീയതി ഏപ്രിൽ 18 ആണ്. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്കെതിരെയും ശക്തമായ നടപടികളുണ്ടാകും. മാത്രമല്ല, നിയമലംഘകരെ സഹായിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴയും വാഹനങ്ങൾ കണ്ടുകെട്ടലുമാണ് ശിക്ഷ.



