മൂന്നാർ: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലെ അതീവ അപകടമേഖലയായ ഗ്യാപ് റോഡിൽ വീണ്ടും പാറവീഴ്ച. ഇന്നലെ രാവിലെ 11.30-ഓടെ മലമുകളിൽ നിന്ന് കൂറ്റൻ പാറക്കൂട്ടങ്ങൾ റോഡിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് പാതയിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്. ഗ്യാപ് റോഡിലെ പ്രധാന കാഴ്ചകളിലൊന്നായ ‘മലയിൽ കള്ളൻ ഗുഹ’യ്ക്ക് സമീപമാണ് അപകടമുണ്ടായത്. കഴിഞ്ഞ മഴക്കാലത്ത് സമാനമായ രീതിയിൽ പാറ വീണ സ്ഥലത്തിന് തൊട്ടടുത്താണ് ഇപ്പോഴും അപകടം ആവർത്തിച്ചിരിക്കുന്നത്.
പാറ വീണതിനെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു. റോഡിന്റെ ഒരു വശത്തിലൂടെ മാത്രമാണ് മൂന്ന് മണിക്കൂറോളം വാഹനങ്ങൾ കടത്തിവിട്ടത്. പിന്നീട് അധികൃതർ സ്ഥലത്തെത്തി റോഡിലെ കൂറ്റൻ പാറക്കൂട്ടങ്ങൾ പൊട്ടിച്ചു നീക്കിയ ശേഷമാണ് ഗതാഗതം പൂർണ്ണസ്ഥിതിയിലായത്. വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന മേഖലയിൽ തുടർച്ചയായുണ്ടാകുന്ന പാറവീഴ്ച യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമായി.




