കൊച്ചി: ആലുവയിൽ കുഴഞ്ഞു വീണ് മരിച്ച നഴ്സ് ലെന ജോൺ (25) മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും പിതാവ് ആലുവ റൂറൽ എസ്പിക്ക് പരാതി നൽകി. പാലക്കാട് കിഴക്കഞ്ചേരി തട്ടാംകുളമ്പ് മുണ്ടപ്ലാക്കൽ ജോണിന്റെയും ജെസിയുടെയും മകളാണ് ലെന.
മാർച്ച് 24ന് രാവിലെ പരീക്ഷ എഴുതാൻ ആലുവയിലേക്ക് എത്തിയ ലെന അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തും മുമ്പേ മരിക്കുകയായിരുന്നു. സുഹൃത്തുക്കളുടെ വിവരമനുസരിച്ച്, ആലുവയിൽ തങ്ങളോടൊപ്പം ഭക്ഷണം കഴിച്ചതിന് ശേഷം കുഴഞ്ഞു വീണതായാണ് വിവരം. പിന്നീട് സുഹൃത്തുക്കൾ ചേർന്ന് നജാത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയതും പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനും ശ്രമം ഉണ്ടായിരുന്നുവെന്നും കുടുംബം പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽച്ചെന്നാണ് മരിച്ചതെന്നാണ് സൂചന. കുടുംബം മകളെ വിഷം നൽകി കൊലപ്പെടുത്തിയതായും സംഭവത്തിൽ രണ്ട് യുവാക്കൾക്ക് പങ്കുണ്ടായിരിയ്ക്കാമെന്നും ആരോപിച്ചു. ലെന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) പ്രവർത്തകയായിരുന്നു. സുഹൃത്തുക്കളെയും ആശുപത്രി ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു വരുകയാണ്.




