ലക്‌നൗ: ഉത്തർപ്രദേശിലെ മഥുരയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ബവാറിയ സംഘത്തിലെ രണ്ട് പേർ കൊല്ലപ്പെട്ടു. രാജസ്ഥാൻ സ്വദേശികളായ പപ്പു എന്ന രാജേന്ദ്രയും ധർമ്മവീർ എന്ന ലംബുവുമാണ് മരിച്ചത്. ഏറ്റുമുട്ടലിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ഏപ്രിൽ 23-ന് തൈന്തി ഗ്രാമത്തിൽ നടന്ന കൊള്ളക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട പ്രതികളെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മെയ് 6, 7 തീയതികളിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
പ്രതികളെ കണ്ടെത്തിയതോടെ അവർ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് പൊലീസ് തിരിച്ചുവെടിയുതിർന്നു. ഏറ്റുമുട്ടലിൽ ഇരുവരും ഗുരുതരമായി പരിക്കേറ്റു. പിന്നീട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ മരണം സ്ഥിരീകരിച്ചു.
എസ്പി ശ്ലോക് കുമാർ അറിയിച്ചതനുസരിച്ച്, മരിച്ചവരിൽ ഒരാളുടെ പേരിൽ 16 ക്രിമിനൽ കേസുകളും മറ്റൊരാളുടെ പേരിൽ 11 കേസുകളും നിലവിലുണ്ട്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിൽ സംഘം കുറ്റകൃത്യങ്ങൾ നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിനായി 50,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.




