കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം വിജയികൾ ആയവർ ഇന്നു സത്യപ്രതിജ്ഞ ചെയ്യാനിരുന്ന നിയുക്ത ഗ്രാമപ്പഞ്ചായത്തംഗം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.പുതുപ്പള്ളി മീനടം പഞ്ചായത്ത് ഒന്നാം വാർഡ് ചീരംകുളത്തുനിന്നു ജയിച്ച യുഡിഎഫ് അംഗം പൊത്തൻപുറം ഊട്ടിക്കുളം തച്ചേരിൽ പ്രസാദ് നാരായണൻ (59) ആണു മരിച്ചത്. പഞ്ചായത്ത് പ്രസിഡന്റായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള പ്രസാദ് തുടർച്ചയായി മുപ്പതു വർഷം പഞ്ചായത്തംഗമായിരുന്നു.
ഇന്നലെ രാവിലെ പ്രവർത്തകർക്കൊപ്പം പ്രസാദ് വാർഡിലെ വീടുകളിൽ പോയി വോട്ടർമാരെ നേരിൽ കണ്ട് മിഠായി വിതരണം ചെയ്തിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മീനടത്ത് പ്രകടനം നടത്താനും, പഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ കോൺഗ്രസ് അംഗങ്ങളും ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ എത്തി പുഷ്പാർച്ചന നടത്താനും തീരുമാനിച്ചിരുന്നു. വീട്ടിലെത്തിയ പ്രസാദിനു പക്ഷേ, അവിടേക്ക് എത്താനായില്ല. മറ്റുള്ളവർ എല്ലാവരും കബറിടത്തിൽ എത്തിയപ്പോഴാണ് പ്രസാദിന്റെ മരണവിവരം വിവരം അറിയുന്നത്.
മരണ വാർത്ത അറിഞ്ഞു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം.സ്കറിയയുടെ നേതൃത്വത്തിൽ മറ്റു പഞ്ചായത്തംഗങ്ങളും കോൺഗ്രസ് പ്രവർത്തകരും വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഇന്ന് അഞ്ചരയ്ക്ക് മൃതദേഹം വീട്ടിൽ കൊണ്ടുവരും. നാളെ രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ ദഹിപ്പിക്കും. ഭാര്യ: മല്ലപ്പള്ളി ചേച്ചാടിക്കൽ പ്രീത പ്രസാദ്. മകൻ: ഹരി നാരായണ പ്രസാദ്.










